മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് കീഴടങ്ങിയത്. മത്സത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനെ ഗുജറാത്ത് ബോളര്‍മാര്‍ 17.5 ഓവറില്‍ 118 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയിരുന്നു.
തുടര്‍ന്ന് മറുപടിക്കിറങ്ങിയ ഗുജറാത്താവാട്ടെ 37 പന്തുകള്‍ ബാക്കി നിര്‍ത്തി വെറും ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 119 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഗുജറാത്തിനെതിരായ ഈ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ബോളിങ്ങിനിടെ രാജസ്ഥാന്‍ പ്രയോഗിച്ച തന്ത്രങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഷോൺ പൊള്ളോക്ക്. രാജസ്ഥാന്‍റെ തന്ത്രങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഷോൺ പൊള്ളോക്ക് പറയുന്നത്.
മത്സരത്തില്‍ സ്‌പിന്നര്‍മാരെ ഉപയോഗിച്ച രീതിക്കെതിരെയാണ് രാജസ്ഥാനെ പ്രോട്ടീസ് താരം കുറ്റപ്പെടുത്തുന്നത്. സ്‌പിന്നര്‍മാരെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ ഏറെ വൈകിയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. "അവിടെ പ്രയോഗിച്ച ചില തന്ത്രങ്ങൾ എന്നെ അൽപ്പം ആശ്ചര്യപ്പെടുത്തി.
1-2 ഓവർ കഴിഞ്ഞപ്പോൾ തന്നെ പിച്ചില്‍ സ്വിങ് ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് മനസിലായിരുന്നു. അതിനാൽ, സ്‌പിന്നര്‍മാര്‍ക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുമോ എന്നാണ് നോക്കേണ്ടിയിരുന്നത്. എന്നാല്‍ സ്‌പിന്നർമാരെ കൊണ്ടുവരാൻ രാജസ്ഥാന്‍ വൈകിയത് അൽപ്പം ആശ്ചര്യപ്പെടുത്തുന്നത് തന്നെയാണ്" പൊള്ളോക്ക് പറഞ്ഞു.