കേരളം

kerala

ETV Bharat / sports

IPL 2023 | ബട്‌ലര്‍ ഇറങ്ങിയില്ല, അശ്വിന്‍ ഓപ്പണറായി; കാരണം വ്യക്തമാക്കി സഞ്‌ജു സാംസണ്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് യശ്വസി ജെയ്‌സ്വാളിനൊപ്പം ആര്‍ അശ്വിന്‍ രാജസ്ഥാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. നാല് പന്ത് നേരിട്ട താരത്തിന് മത്സരത്തില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

ipl 2023  sanju samson  PBKSvRR  sanju samson on r ashwin bating order promotion  r ashwin  IPL  സഞ്‌ജു സാംസണ്‍  ആര്‍ അശ്വിന്‍  രാജസ്ഥാന്‍ റോയല്‍സ്  പഞ്ചാബ് രാജസ്ഥാന്‍  പഞ്ചാബ് കിങ്‌സ്  ഐപിഎല്‍  ഐപിഎല്‍ 2023
Ashwin and Butler

By

Published : Apr 6, 2023, 11:09 AM IST

ഗുവാഹത്തി:ഐപിഎല്‍ 2023ലെ ആദ്യ ഹോം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെയാണ് ഇറങ്ങിയത്. അസാമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സായിരുന്നു രാജസ്ഥാന്‍റെ എതിരാളികള്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍മാരുടെ ബാറ്റിങ്ങ് കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ 197 റണ്‍സ് ചേര്‍ത്തിരുന്നു.

പഞ്ചാബിനായി ശിഖര്‍ ധവാന്‍ പുറത്താകാതെ 56 പന്തില്‍ 86 റണ്‍സും, പ്രഭ്‌സിമ്രാന്‍ സിങ് 34 പന്തില്‍ 60 റണ്‍സും നേടി. ഇരുവരുടെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റണ്‍ ചേസില്‍ രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്വാളും, ജോസ്‌ ബട്‌ലറും തങ്ങളുടെ ടീമിന് വേണ്ടി സമാന രീതിയില്‍ റണ്‍സ് അടിച്ചുകൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു റോയല്‍സ് ആരാധകര്‍.

എന്നാല്‍, അവരുടെ പ്രതീക്ഷകളെല്ലാം അപ്പാടെ തകിടം മറിഞ്ഞു. 198 റണ്‍സ് പിന്തുടരാനായി ജെയ്‌സ്വാളിനൊപ്പം ക്രീസിലെത്തിയത് വെറ്ററന്‍ താരം ആര്‍.അശ്വിനും. രാജസ്ഥാന്‍റെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടുകെട്ട് കണ്ട് ആരാധകരും ഒന്ന് ഞെട്ടി.

എന്നാല്‍ സ്ഥാനക്കയറ്റം ലഭിച്ച അശ്വിന് നിരാശയോടെ മടങ്ങേണ്ടി വന്നു. നാല് പന്ത് നേരിട്ട താരത്തിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. 3.2 ഓവറില്‍ സ്‌കോര്‍ 26ല്‍ നില്‍ക്കെയാണ് അര്‍ഷ്‌ദീപ് സിങിന്‍റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി അശ്വിന്‍ സംപൂജ്യനായി മടങ്ങിയത്.

Also Read:IPL 2023 | രഹാനെയെ മറികടന്ന് ഒന്നാമത്; രാജസ്ഥാന്‍ റോയല്‍സിന്‍റെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനായി സഞ്‌ജു സാംസണ്‍

മൂന്നാമനായി ക്രീസിലെത്തിയ ബട്‌ലര്‍ ഒരുവശത്ത് നിന്നും റണ്‍സ് ഉയര്‍ത്തിക്കൊണ്ട് വന്നപ്പോഴായിരുന്നു അശ്വിന്‍റെ മടക്കം. ഇതിന് പിന്നാലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് തകര്‍പ്പന്‍ തുടക്കം നല്‍കിയ ജെയ്‌സ്വാള്‍, ജോസ്‌ ബട്‌ലര്‍ കോംബോയെ നായകന്‍ സഞ്‌ജു സാംസണ്‍ എന്തിനാണ് മാറ്റി പരീക്ഷിച്ചതെന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. മത്സസര ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രാജസ്ഥാന്‍ നായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

'ഫീല്‍ഡിങ്ങിനിടെ ജോസ്‌ ബട്‌ലറിന് ചെറിയ പരിക്ക് പറ്റിയിരുന്നു. അദ്ദേഹത്തെ പരിക്കിന് വേണ്ട ചികിത്സ നല്‍കാന്‍ ടീം ഫിസിയോക്ക് ആവശ്യമായ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് അശ്വിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അയച്ചത്.

ബട്‌ലറുടെ പരിക്കില്‍ ആശങ്കപ്പെടേണ്ടതായിട്ടൊന്നും തന്നെയില്ല. അദ്ദേഹത്തിന് നല്ല രീതിയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു' - സഞ്‌ജു പറഞ്ഞു. മധ്യനിരയില്‍ ഇടം കയ്യന്‍ ബാറ്ററുടെ ആവശ്യം ടീമിന് വേണ്ടിയിരുന്നതിനാലാണ് ദേവ്‌ദത്ത് പടിക്കലിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ വിടാതിരുന്നതെന്നും സഞ്‌ജു വ്യക്തമാക്കി.

പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. റോയല്‍സ് ടോപ്‌ സ്‌കോററായ നായകന്‍ സഞ്‌ജു സാംസണ്‍ 25 പന്ത് നേരിട്ട് 42 റണ്‍സാണ് നേടിയത്. 15 ഓവറില്‍ 124-6 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്‍റെ തോല്‍വിയുടെ ഭാരം കുറച്ചത് ഷിംറോണ്‍ ഹെറ്റ്‌മെയറിന്‍റെയും ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ ധ്രുവ് ജുറലിന്‍റെയും ബാറ്റിങ് വെടിക്കെട്ടാണ്.

More Read:IPL 2023: പൊരുതി നിന്ന് സഞ്ജു, ഇംപാക്ട് തീർത്ത് ജുറൽ; ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ പഞ്ചാബിന് ജയം

ABOUT THE AUTHOR

...view details