മൊഹാലി:ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ പഞ്ചാബ് നായകൻ സാം കറൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകൻ ശിഖർ ധവാന്‍റെ അസാന്നിധ്യത്തിൽ സാം കറനാണ് ഇന്നും പഞ്ചാബിനെ നയിക്കുക. പഞ്ചാബ് സിക്കന്ദർ റാസക്ക് പകരം ലിയാം ലിവിങ്‌സ്റ്റണെയും കാഗിസോ റബാഡക്ക് പകരം നാഥൻ എല്ലിസിനെയും ടീമിൽ ഉൾപ്പെടുത്തി.
അതേസമയം ഫാഫ് ഡുപ്ലസിസിന് പകരം വിരാട് കോലിയാണ് ഇന്ന് ബാംഗ്ലൂരിനെ നയിക്കുന്നത്. വിരാട് കോലി നായക കുപ്പായത്തിൽ വീണ്ടുമെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഡുപ്ലസിസ് ഫിൽഡ് ചെയ്യാൻ എത്തില്ലെന്നും ബാറ്ററായി ടീമിലുണ്ടാകുമെന്നും കോലി വ്യക്‌തമാക്കി. വിജയകുമാർ വൈശാഖിന് പകരം സുയാഷ് പ്രഭുദേശായിയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ധവാൻ ഇന്നുമില്ല: തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇന്ന് ആർസിബിക്കെതിരെ ഇറങ്ങുന്നത്. അഞ്ച് കളിയിൽ നിന്ന് മൂന്ന് ജയം ഉൾപ്പെടെ ആറ് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഇന്നത്തെ മത്സരത്തിൽ വിജയത്തോടെ പോയിന്‍റ് പട്ടികയിൽ മുന്നേറാനാകും പഞ്ചാബിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ നേടിയ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്ന് ഹോം ഗ്രൗണ്ടിൽ മത്സരത്തിനെത്തുന്നത്.
പരിക്കേറ്റ ശിഖർ ധവാൻ ഇല്ലാതെയാണ് അവസാന മത്സരത്തിൽ പഞ്ചാബ് ലഖ്‌നൗവിനെതിരെ വിജയം സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തിലും ധവാന്‍റെ അസാന്നിധ്യത്തിൽ സാം കറനാണ് ടീമിനെ നയിക്കുന്നത്. സിക്കന്ദർ റാസ, ഹർപ്രീത് സിങ്, മാറ്റ് ഷോർട്, ഷാറൂഖ് ഖാൻ എന്നിവർ ഫോമിലേക്ക് ഉയർന്നത് പഞ്ചാബിന് ആശ്വാസം നൽകുന്ന കാര്യമാണ്. അർഷ്‌ദീപ് സിങ്, കാഗിസോ റബാഡ എന്നിവരടങ്ങുന്ന പേസ് നിരയും കരുത്തരാണ്.