ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം നടക്കുക. സീസണിലെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
കളിച്ച ഏഴില്‍ നാല് വിജയങ്ങളുള്ള ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അവസാനം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച സംഘം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. അവസാന മത്സരത്തില്‍ പോയിന്‍റ് ടോപ്പേഴ്‌സായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെയായിരുന്നു ബാംഗ്ലൂര്‍ കീഴടക്കിയത്.
സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലെസിസിന് പകരം വിരാട് കോലിക്ക് കീഴിലാണ് ടീം നിലവില്‍ കളിക്കുന്നത്. പന്തുകൊണ്ട് ഡുപ്ലെസിസിന് വാരിയെല്ലിന് പരിക്കേറ്റതോടെയാണ് വിരാട് കോലി പകരക്കാരനായത്. ഏതാനും മത്സരത്തില്‍ കൂടി ടീമിന്‍റെ നായകനായി ഉണ്ടാവുമെന്ന് കോലി അറിയിച്ചിരുന്നു.
പരിക്കേറ്റുവെങ്കിലും ഇംപാക്‌ട് പ്ലെയറായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി നേടിയാണ് തിരിച്ച് കയറിയത്. ഡുപ്ലെസിസിനെ കൂടാതെ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ മിന്നും ഫോമും കൊല്‍ക്കത്തയ്‌ക്ക് വെല്ലുവിളിയാവും. ബോളിങ് യൂണിറ്റില്‍ മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും വാനിന്ദു ഹസരംഗയും നന്നായി പന്തെറിയുന്നത് ടീമിന്‍റെ പ്രതീക്ഷ ഏറ്റുന്നതാണ്.
മറുവശത്ത് കളിച്ച ആറ് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ്. അവസാനം കളിച്ച നാല് മത്സരങ്ങളിലും തോല്‍വി വഴങ്ങിയാണ് ടീം എത്തുന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാനാവും കൊല്‍ക്കത്ത ബാംഗ്ലൂരിനെതിരെ ലക്ഷ്യം വയ്‌ക്കുകയെന്നുറപ്പ്.