മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിന്‍റെ ആരംഭത്തില്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്‌റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിരുന്നില്ല. നിലയുറപ്പിക്കും മുമ്പ് പുറത്താക്കപ്പെടുന്ന സൂര്യകുമാര്‍ യാദവ് രണ്ടക്കം തൊടാന്‍ പ്രയാസപ്പെടുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് താളം കണ്ടെത്തിയ 32-കാരന്‍ കളം വാഴുന്ന കാഴ്‌ചയാണ് നിലവിലുള്ളത്.
തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മൈതാനത്തിന്‍റെ നാലുഭാഗത്തേക്കും അനായാസം പന്തടിച്ച് റണ്‍സടിച്ച് കൂട്ടുകയാണ് താരം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നിറഞ്ഞാടിയ 32-കാരന്‍ ഐപിഎല്ലിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പൊളിച്ചെഴുതുകയും ചെയ്തു.
ബാംഗ്ലൂരിനെതിരെ 35 പന്തില്‍ 83 റണ്‍സാണ് സ്റ്റാര്‍ ബാറ്റര്‍ അടിച്ചെടുത്തത്. ഏഴ് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പടെയായിരുന്നു സൂര്യയുടെ വെടിക്കെട്ട്. ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവിന്‍റെ ഈ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാന്‍.
എതിര്‍ ടീമിന് സൂര്യകുമാര്‍ യാദവിനെ തടയണമെങ്കില്‍ പിന്നില്‍ നിന്ന് ബാറ്റ് പിടിക്കുകയോ അല്ലെങ്കില്‍ കാലില്‍ പിടിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് സഹീര്‍ ഖാന്‍ തമാശ രൂപേണ ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്. തന്‍റെ കഠിനമായ സമയത്തെ മറികടന്ന് സൂര്യകുമാര്‍ യാദവ് താളം കണ്ടെത്തിയത് ബോളര്‍മാരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ലെന്നും സഹീർ ഖാന്‍ അഭിപ്രായപ്പെട്ടു.
'സൂര്യകുമാര്‍ യാദവിന്‍റെ നിലവിലെ പ്രകടനം കാണുമ്പോള്‍, അവനെ തടയണമെങ്കില്‍ എതിര്‍ ടീം ഒന്നുകില്‍ അവന്‍റെ ബാറ്റില്‍ പിടിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അവന്‍റെ കാല്‍ പിടിക്കേണ്ടിവരും. അങ്ങനെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.