ജയ്പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് മങ്ങല്‍. നിര്‍ണായകമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 112 റണ്‍സിന് തോറ്റമ്പിയതാണ് രാജസ്ഥാന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നേടിയ 171 റണ്‍സിന് മറുപടിക്കിറങ്ങിയ രാജസ്ഥാന് 10.3 ഓവറില്‍ വെറും 59 റണ്‍സിന് പുറത്താവുകയായിരുന്നു.
19 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജോ റൂട്ടാണ് (15 പന്തില്‍ 10) രണ്ടക്കം കണ്ട മറ്റൊരു രാജസ്ഥാന് താരം. തുടക്കം തന്നെയുള്ള തകര്‍ച്ചയില്‍ നിന്നും ഒരിക്കല്‍ പോലും കരയറാന്‍ കഴിയാതെയാണ് രാജസ്ഥാന് റോയല്‍സ് ദയനീയ തോല്‍വിയിലേക്ക് വീണത്. അപകടകാരിയായ യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ മുഹമ്മദ് സിറാജ് തിരിച്ച് കയറ്റി.
അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ജയ്സ്വാളിനെ മിഡ് ഓഫില്‍ വിരാട് കോലി പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജോസ് ബട്ലറേയും സഞ്ജു സാംസണേയും മടക്കിയ വെയ്ൻ പാർനെൽ രാജസ്ഥാന് കനത്ത പ്രഹരം നല്കി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബട്ലറെ കവര്‍ പോയിന്റില്‍ മുഹമ്മദ് സിറാജ് കയ്യിലൊതുക്കി.
പിന്നാലെ പുള്‍ ഷോട്ട് ശ്രമം പാളിയ സഞ്ജുവിനെ (5 പന്തില്‍ 4) വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തും പിടികൂടി. പിന്നാലെ ദേവ്ദത്ത് പടിക്കലും ജോ റൂട്ടും മടങ്ങിയതോടെ 28/5 എന്ന നിലയിലാണ് രാജസ്ഥാന് പവര്‍പ്ലേ പൂര്‍ത്തിയാക്കിയത്. ദേവ്ദത്തിനെ (4 പന്തില്‍ 4) മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ സിറാജാണ് കയ്യിലൊതുക്കിയപ്പോള്‍ റൂട്ടിനെ വെയ്ൻ പാർനെൽ വിക്കറ്റിന് മുന്നില്‍ കുരുക്കി.
തുടര്‍ന്ന് ഹെറ്റ്മെയര്‍ ചില മിന്നലാട്ടം നടത്തിയെങ്കിലും ധ്രുവ് ജുറല്‍ (1), ആര് അശ്വിന് (0) എന്നിവര്‍ക്ക് പിന്നാലെ താരവും തിരിച്ച് കയറി. ആദം സാംപ (6 പന്തില്‍ 2), കെഎം ആസിഫ് (2 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാന. ബാഗ്ലൂരിനായി വെയ്ന്‍ പാര്‍നെല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൈക്കല്‍ ബ്രേസ്വെല്, കർൺ ശർമ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.