ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിലെ ജീവൻമരണ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ബോളിങ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ പഞ്ചാബ് നിലനിർത്തിയപ്പോൾ നാല് മാറ്റങ്ങളുമായാണ് രാജസ്ഥാൻ എത്തുന്നത്. രാജസ്ഥാൻ നിരയിൽ ജോ റൂട്ട്, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, കെഎം ആസിഫ് എന്നിവർക്ക് പകരം ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ട്രെന്‍റ് ബോൾട്ട്, നവ്‌ദീപ് സെയ്‌നി എന്നിവർ ഇടം നേടി.
പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു കൂട്ടർക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. 13 മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും 12 പോയിന്‍റ് വീതമാണുള്ളത്. എന്നാൽ നെറ്റ് റണ്‍റേറ്റിന്‍റെ പിൻബലത്തിൽ രാജസ്ഥാൻ ആറാം സ്ഥാനത്തും പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ 16 പോയിന്‍റ് വേണമെന്നിരിക്കെ ഇന്ന് ജയിച്ചാൽ പോലും മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ച് മാത്രമേ ഇരു ടീമുകൾക്കും മുന്നേറാനാകൂ.
സീസണിന്‍റെ ഒന്നാം പാദത്തിൽ നല്ല തുടക്കം ലഭിച്ചിട്ടും രണ്ടാം പാദത്തിൽ അത് മുതലാക്കാൻ കഴിയാതെ പോയ ടീമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഒരു ഘട്ടത്തിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടീം ഇന്ന് ആദ്യ നാലിൽ എത്താൻ പോലും കഷ്‌ടപ്പെടുന്ന അവസ്ഥയിലാണ്. അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്‍റെ വമ്പൻ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്.
ഓപ്പണർ ജോസ് ബട്‌ലർ, യശ്വസി ജയ്‌സ്വാൾ എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍റെ മുന്നോട്ട് പോക്ക്. ഓപ്പണർമാർ രണ്ട് പേരും പരാജയപ്പെട്ടാൽ ടീം പാടേ തകരുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. നായകൻ സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കൽ, ഷിംറോണ്‍ ഹെറ്റ്‌മെയർ എന്നിവർ അവസരത്തിനൊത്ത് ഉയരാത്തതും ടീമിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ബോളർമാരുടെ സ്ഥിരതയില്ലായ്‌മയും ടീമിനെ വലയ്‌ക്കുന്നുണ്ട്.