കൊല്‍ക്കത്ത :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് ടിക്കറ്റിനായുള്ള നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബ് കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് വിജയിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു സിക്‌സറും ഒമ്പത് ബൗണ്ടറികളുമുള്‍പ്പടെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന് ആശ്വാസത്തിന് വക നല്‍കിയത്.
പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍ നിര്‍ത്താതെയും കാല്‍ക്കുലേറ്ററുകളില്ലാതെയും കടന്നുകൂടാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്‍റെയും മത്സരത്തിന്‍റെയും ഗതി പരിഗണിച്ചാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്നും മികച്ച ടോട്ടല്‍ കണ്ടെത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ധവാന്‍ ടോസ് വേളയില്‍ അറിയിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ മത്സരങ്ങളിലെല്ലാം 200ലധികം റണ്‍സ് നേടാനായത് ശുഭസൂചകമായി കാണുന്നുവെന്നറിയിച്ചതില്‍ തന്നെ പഞ്ചാബിന്‍റെ തന്ത്രങ്ങള്‍ വ്യക്തമായിരുന്നു.
പഞ്ചാബ് പോരാട്ടം ഇങ്ങനെ:ഓപ്പണര്‍മാരായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ്ങും നായകന്‍ ശിഖര്‍ ധവാനും ടീമിന് മികച്ച അടിത്തറ പാകാന്‍ പരമാവധി പരിശ്രമിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്ത് മുതല്‍ ബൗണ്ടറി നേടി ആക്രമിച്ച് കളിക്കല്‍ തന്നെയാണ് ഉദ്ദേശമെന്ന് പഞ്ചാബ് വ്യക്തമാക്കി. എന്നാല്‍ നിലയുറപ്പിക്കും മുമ്പേ പ്രഭ്‌സിമ്രാന്‍ സിങ്ങിന് മടങ്ങേണ്ടതായി വന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗുര്‍ബീസിന്‍റെ കൈകളിലൊതുങ്ങിയാണ് പ്രഭ്‌സിമ്രാന്‍ മടങ്ങിയത്. എട്ട് പന്തുകളില്‍ മൂന്ന് ബൗണ്ടറികളുമായി 12 റണ്‍സായിരുന്നു പ്രഭ്‌സിമ്രാന്‍റെ സമ്പാദ്യം.
തുടര്‍ന്നെത്തിയ ഭാനുക രജപക്‌സെ സംപൂജ്യനായി മടങ്ങി. പഞ്ചാബിന്‍റെ മത്സരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മാത്യു ഷോര്‍ട്ടിനെ പുറത്തിരുത്തി പകരക്കാരനായിറങ്ങിയ ഭാനുകയ്‌ക്ക് ടീമിനായി ഒന്നും സമ്മാനിക്കാതെ കൂടാരം കയറേണ്ടതായി വന്നു. പിന്നീടെത്തിയ ലിയാം ലിവിങ്‌സറ്റണ്‍ തുടക്കം മുതല്‍ ആക്രമിച്ച് ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷ പഞ്ചാബ് ആരാധകര്‍ക്ക് നല്‍കിയെങ്കിലും 15 റണ്‍സ് മാത്രം ടീം സ്‌കോര്‍കാര്‍ഡില്‍ എഴുതിച്ചേര്‍ത്ത് ലിവിങ്‌സറ്റണും മടങ്ങി. ഒമ്പത് പന്തുകളില്‍ നാല് ബൗണ്ടറികളുമായി നിന്ന ലിവിങ്‌സറ്റണെ വരുണ്‍ ചക്രവര്‍ത്തി ലെഗ് ബിഫോര്‍ വിക്കറ്റില്‍ കുരുക്കുകയായിരുന്നു.
ഭേദപ്പെട്ട സ്‌കോറിനായി :പകരമെത്തിയ ജിതേഷ് ശര്‍മ ധവാന് മികച്ച പിന്തുണ നല്‍കിയതോടെ പഞ്ചാബിന്‍റെ സ്‌കോര്‍ബോര്‍ഡില്‍ അനക്കം കണ്ടുതുടങ്ങി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ തൊട്ടടുത്ത ഓവറില്‍ ജിതേഷും മടങ്ങി. 18 പന്തില്‍ 21 റണ്‍സ് എഴുതിച്ചേര്‍ത്താണ് ജിതേഷ് ശര്‍മ കളംവിട്ടത്. അധികം വൈകാതെ ശിഖര്‍ ധവാനും മടങ്ങി. 47 പന്തില്‍ നിന്ന് 57 റണ്‍സുമായി ക്യാപ്‌റ്റന്‍ ഇന്നിങ്‌സ് കാഴ്‌ചവച്ചാണ് ധവാന്‍ തിരിച്ചുനടന്നത്. തന്‍റെ അടുത്ത വരവില്‍ ചക്രവര്‍ത്തി റിഷി ധവാനെയും മടക്കി.
ക്യാപ്‌റ്റന്‍റെ അഭാവത്തില്‍ പഞ്ചാബിന്‍റെ പകരം നായകനായ സാം കറനും നാല് റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതോടെ പഞ്ചാബിന്‍റെ സ്‌കോര്‍ 150 ന് താഴെ നില്‍ക്കുമെന്ന പ്രതീതിയുമുണ്ടായി. എന്നാല്‍ ഇരു എന്‍ഡുകളിലുമായി അവസാനവട്ട തട്ടുപൊളിപ്പന്‍ ബാറ്റിങ്ങുമായി ഷാരൂഖ് ഖാനും ഹര്‍പ്രീത് ബ്രാറും പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. ഒമ്പത് പന്തുകളില്‍ നിന്ന് ഒരു സിക്‌സും രണ്ട് ബൗണ്ടറിയുമാണ് ഹര്‍പ്രീത് ബ്രാര്‍ നേടിയതെങ്കില്‍ എട്ട് പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമാണ് ഷാരൂഖ് ഖാന്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും, ഹര്‍ഷിത് റാണ രണ്ടും, സുയാഷ്, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.