ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 31 റണ്‍സിന്‍റെ മിന്നും വിജയം നേടാന്‍ പഞ്ചാബ് കിങ്‌സിന് കഴിഞ്ഞിരുന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്‍റെ സെഞ്ചുറിയാണ് പഞ്ചാബ് കിങ്‌സിന്‍റെ നട്ടെല്ല്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഞ്ചാബ് കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങവെ ഒറ്റയ്‌ക്ക് പൊരുതി നിന്നാണ് പ്രഭ്‌സിമ്രാന്‍ ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ചുറി തികച്ചത്.
ആദ്യം ഏറെ ശ്രദ്ധയോടെ ബാറ്റ് വീശിയ താരം 42 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ചുറിയിലെത്തിയത്. എന്നാല്‍ തുടര്‍ന്ന് മൂന്നക്കത്തിലേക്ക് എത്താന്‍ വെറും 19 പന്തുകള്‍ മാത്രമാണ് പഞ്ചാബ് ഓപ്പണര്‍ക്ക് വേണ്ടി വന്നത്. മുകേഷ് കുമാര്‍ എറിഞ്ഞ 19-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ പുറത്താവുമ്പോഴേക്കും ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
65 പന്തുകളില്‍ നിന്നും 103 റണ്‍സ് അടിച്ച് കൂട്ടിയായിരുന്നു പ്രഭ്‌സിമ്രാന്‍ സിങ്ങിന്‍റെ മടക്കം. 10 ബൗണ്ടറികളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. പ്രഭ്‌സിമ്രാന്‍റെ ഈ പ്രകടനത്തെ പുകഴ്‌ത്തുന്നതിനിടെ പഞ്ചാബിന്‍റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദർ സെവാഗ്.
പഞ്ചാബ് കിങ്‌സിനായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ സാം കറന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സെവാഗ് തന്‍റെ വാക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 24 പന്തില്‍ 20 റണ്‍സ് മാത്രമാണ് സാം കറന് നേടാന്‍ കഴിഞ്ഞത്.
"പഞ്ചാബ് കിങ്‌സ് പ്രഭ്‌സിമ്രാന്‍ സിങ്ങിന് നൽകിയ അവസരങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. ഇനിയവന്‍ ഏറെ സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു കളിക്കാരന്‍ പഞ്ചാബ് കിങ്‌സിന് വളരെയധികം പ്രയോജനം ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്.
ഐപിഎല്ലില്‍ ആദ്യം അവനെത്തിയപ്പോള്‍ ധാരാളം പണം (4.8 കോടി) ചിലവഴിച്ചായിരുന്നു അവനെ വാങ്ങിയത്. എന്നാല്‍ ഇത്തവണ അവനായി ചിലവഴിച്ച തുക (60 ലക്ഷം) വളരെ കുറവാണ്. എന്നാൽ ഇപ്പോള്‍ അവൻ തന്‍റെ കഴിവ് തെളിയിച്ചു. തനിക്ക് സെഞ്ചുറികൾ അടിക്കാൻ കഴിയുമെന്ന് അവൻ കാണിച്ചു.
വീണ്ടും പറയട്ടെ, 60 ലക്ഷം രൂപയ്ക്കാണ് അവനെ വാങ്ങിയത്. ഒരു കളിക്കാരൻ സെഞ്ചുറി നേടുകയും, മത്സരങ്ങള്‍ വിജയിപ്പിക്കുകയും ചെയ്‌താല്‍ ടീമിനെ സംബന്ധിച്ച് അതിനേക്കാൾ മികച്ചതൊന്നും ഉണ്ടാകില്ല. പക്ഷെ... പഞ്ചാബ് സാം കറനെ വാങ്ങിയത് 18.50 കോടി രൂപയ്‌ക്കാണ്. അവൻ എന്ത് ചെയ്‌തു?, എന്നാണ് എനിക്ക് ചോദിക്കാനുള്ളത്" -വിരേന്ദർ സെവാഗ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയെങ്കിലും പഞ്ചാബ് കിങ്‌സിനായി വമ്പന്‍ പ്രകടനം നടത്താന്‍ സാം കറന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ താര ലേലത്തില്‍ 18.50 കോടി രൂപ നേടിയ സാം കറന്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ക്രിസ് മോറിസിന്‍റെ റെക്കോഡ് പൊളിച്ചാണ് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയത്. ക്രിസ് മോറിസിനായി 2021-ല്‍ രാജസ്ഥാന്‍ റോയല്‍സ് മുടക്കിയത് 16.25 കോടി രൂപയാണ്.
ALSO RAED: IPL 2023 | പ്രഭ്‌സിമ്രാന്‍റെ സെഞ്ച്വറി പ്രകടനം 'അത്യുജ്ജ്വലം', ജയത്തിന്‍റെ ക്രെഡിറ്റ് സ്‌പിന്നര്‍മാര്‍ക്ക് : ശിഖര്‍ ധവാന്‍