ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിലെ വാശിയേറിയ പോരാട്ടങ്ങൾ ആദ്യ പകുതി പിന്നിട്ടിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും 16 മത്സരങ്ങളാണുള്ളത്. ഇതിൽ ടീമികളെല്ലാം 7 മത്സരങ്ങൾ വീതം ഇതിനകം കളിച്ച് കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോൾ പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അനുസരിച്ച് തന്നെയാണ് പോയിന്‍റ് പട്ടികയിൽ പല ടീമുകളുടേയും സ്ഥാനം. എന്നാൽ കരുത്തരായ ചില ടീമുകൾ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ചവയ്‌ക്കാതെ ഇപ്പോഴും പോയിന്‍റ് പട്ടികയില്‍ താഴെയാണ്.
- ചെന്നൈ സൂപ്പർ കിങ്സ്:മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്‌സാണ് ആദ്യ ഘട്ട മത്സരങ്ങൾ പിന്നിടുമ്പോൾ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളും രണ്ട് തോൽവിയും ഉൾപ്പെടെ 10 പോയിന്‍റുമായാണ് ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മികച്ച ബാറ്റിങ് ലൈനപ്പാണ് ചെന്നൈയുടെ പ്രധാന കരുത്ത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കെതിരെയാണ് ചെന്നൈ വിജയം നേടിയത്. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കെതിരെയാണ് ചെന്നൈ പരാജയപ്പെട്ടത്. ഇതിൽ മൂന്ന് മത്സരങ്ങളിൽ 200ൽ അധികം റണ്‍സ് നേടാനും ചെന്നൈക്കായി എന്നത് ടീമിന്‍റെ ബാറ്റിങ് കരുത്ത് വിളിച്ചോതുന്നു.
- ഗുജറാത്ത് ടൈറ്റൻസ്:ഹാർദിക് പാണ്ഡ്യ നയിക്കുന്ന നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസാണ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 7 മത്സരങ്ങളിൽ നിന്ന് 5 ജയവും രണ്ട് തോൽവിയുമുൾപ്പെടെ 10 പോയിന്‍റ് തന്നെയാണ് ഗുജറാത്തിനുമുള്ളത്. എന്നാൽ റണ്‍റേറ്റ് അടിസ്ഥാനത്തിൽ അവർ ചെന്നൈക്ക് താഴെ വീഴുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്തരാണ് ഗുജറാത്ത്.
ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, പഞ്ചാബ് കിങ്സ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കെതിരാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. ലഖ്‌നൗവിനെതിരെ 136 എന്ന ചെറിയ സ്‌കോർ പ്രതിരോധിച്ച് വിജയം നേടി എന്നിടത്താണ് ഗുജറാത്ത് തങ്ങളുടെ ശക്‌തി തുറന്ന് കാട്ടുന്നത്.
- രാജസ്ഥാൻ റോയൽസ്:മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ രാജസ്ഥാന് ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് തോൽവികളും ഉൾപ്പെടെ 8 പോയിന്‍റാണ് നിലവിലുള്ളത്. അവസാന രണ്ട് മത്സരങ്ങളിൽ തുടർച്ചയായി തോൽവി വഴങ്ങിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.
സണ്‍റൈസേഴ് ഹൈദരാബാദ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കെതിരെയാണ് രാജസ്ഥാൻ വിജയം നേടിയത്. പഞ്ചാബ് കിങ്സ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർക്കെതിരെയായിരുന്നു ടീം തോൽവി വഴങ്ങിയത്. ശക്‌തമായ ബാറ്റിങ് നിരയും അവസരത്തിനൊത്തുയരുന്ന ബോളിങ് നിരയുമാണ് രാജസ്ഥാന്‍റെ പ്രധാന കരുത്ത്.
- ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്:കെഎൽ രാഹുൽ നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സാണ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് തോൽവിയും ഉൾപ്പെടെ എട്ട് പോയിന്‍റാണ് ടീമിനുള്ളത്. നായകൻ കെഎൽ രാഹുലിന്‍റെ മെല്ലപ്പോക്കാണ് ടീമിന്‍റെ തോൽവികളിൽ പ്രധാന പങ്ക് വഹിക്കുന്നത്.
ഡൽഹി ക്യാപ്പിറ്റൽസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കെതിരെയാണ് ലഖ്‌നൗ വിജയം നേടിയത്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കെതിരെയായിരുന്നു ടീമിന്‍റെ പരാജയം. വിജയത്തിന്‍റെ വക്കിൽ നിന്നാണ് പല മത്സരങ്ങളിലും ലഖ്‌നൗ തോൽവി ഏറ്റുവാങ്ങിയത്.
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ:ഫഫ് ഡുപ്ലസിസിന്‍റെ നേതൃത്വത്തിൽ മികച്ച ഒരു പിടി താരങ്ങളാൽ സമ്പന്നമാണെങ്കിലും ആർസിബി പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് തോൽവിയും ഉൾപ്പെടെ എട്ട് പോയിന്‍റ് തന്നെയാണ് ആർസിബിക്കും ഉള്ളത്. മികച്ച താരങ്ങൾ ഉണ്ടെങ്കിൽ പോലും അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ ആർസിബിക്ക് ഇതുവരെ സാധിച്ചിട്ടില്ല.