കേരളം

kerala

ETV Bharat / sports

IPL 2023 | 'സൂര്യ തുടങ്ങി, ഡേവിഡ് തീര്‍ത്തു'; വാങ്കഡേയില്‍ രാജസ്ഥാന്‍ റണ്‍മല കയറി മുംബൈ ഇന്ത്യന്‍സ് - സഞ്‌ജു സാംസണ്‍

അവസാന ഓവറില്‍ ജേസണ്‍ ഹോള്‍ഡറെ ഹാട്രിക് സിക്‌സറടിച്ചാണ് ടിം ഡേവിഡ് മുംബൈ ഇന്ത്യന്‍സിന് സീസണിലെ നാലാം ജയം സമ്മാനിച്ചത്

IPL 2023  Mumbai Indians  Rajasthan Royals  MI vs RR highlights  yashasvi jaiswal  sanju samson  rohit sharma  രാജസ്ഥാന്‍ റോയല്‍സ്  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍  യശസ്വി ജയ്‌സ്വാള്‍  രോഹിത് ശര്‍മ  സഞ്‌ജു സാംസണ്‍  ടിം ഡേവിഡ്
IPL 2023

By

Published : May 1, 2023, 7:11 AM IST

മുംബൈ :രാജസ്ഥാന്‍ റോയല്‍സിനെ 'തല്ലിക്കൊന്ന്' നായകന് പിറന്നാള്‍ സമ്മാനം നല്‍കി മുംബൈ ഇന്ത്യന്‍സ്. വാങ്കഡേയില്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ച്വറിക്കരുത്തില്‍ റോയല്‍സ് മുന്നോട്ടുവച്ച 213 റണ്‍സ് വിജയലക്ഷ്യം മുംബൈ മൂന്ന് പന്തും ആറ് വിക്കറ്റും ശേഷിക്കെ മറികടന്നു. അവസാന ഓവറില്‍ ഹാട്രിക് സിക്‌സടിച്ച് മത്സരം ഫിനിഷ് ചെയ്‌ത ടിം ഡേവിഡിന്‍റെയും മധ്യനിരയില്‍ നിറഞ്ഞാടിയ സൂര്യകുമാര്‍ യാദവിന്‍റെയും മിന്നല്‍ ബാറ്റിങ്ങുകളുടെ കരുത്തിലാണ് മുംബൈ ജയം സ്വന്തമാക്കിയത്.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്‌ടമായി. 5 പന്തില്‍ 3 റണ്‍സ് നേടിയ താരത്തെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു. ഈ സമയം രണ്ട് ഓവറില്‍ 14 റണ്‍സ് മാത്രമാണ് മുംബൈയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച കാമറൂണ്‍ ഗ്രീനും ഇഷാന്‍ കിഷനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ പിന്നിടുമ്പോള്‍ 58/1 എന്ന നിലയിലായിരുന്നു സംഘം. ഗ്രീനായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്.

എന്നാല്‍ ഒമ്പതാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഇഷാനെ വീഴ്‌ത്തി ആര്‍ അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 23 പന്തില്‍ 28 റണ്‍സെടുത്ത ഇഷാനെ ട്രെന്‍റ് ബോള്‍ട്ട് പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ഗ്രീന്‍- ഇഷന്‍ സഖ്യം കണ്ടെത്തിയത്. നാലാം നമ്പറിലെത്തി സൂര്യകുമാര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അശ്വിനെ സിക്‌സറിന് പറത്തി.

10-ാം ഓവര്‍ എറിയാനെത്തിയ ജേസൺ ഹോൾഡർക്കെതിരെ സൂര്യ ഹാട്രിക് ബൗണ്ടറിയടിച്ചപ്പോള്‍ വാങ്കഡെ ആവേശത്തിലായി. അശ്വിന്‍ എറിഞ്ഞ 11-ാം ഓവറില്‍ മുംബൈ നൂറ് കടന്നെങ്കിലും കാറൂണ്‍ ഗ്രീനിനെ സംഘത്തിന് നഷ്‌ടമായി. അശ്വിനെ സിക്‌സറിന് പറത്താനുള്ള ഗ്രീനിന്‍റെ (26 പന്തില്‍ 44) ശ്രമം ഡീപ്-മിഡ്‌ വിക്കറ്റില്‍ ബോള്‍ട്ടിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ടി20യില്‍ അശ്വിന്‍റെ 300-ാം വിക്കറ്റാണിത്.

തൊട്ടടുത്ത ഓവറില്‍ യൂസ്‌വേന്ദ്ര ചാഹലിനെ കടന്നാക്രമിക്കാന്‍ മുംബൈ ബാറ്റര്‍മാര്‍രായ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും തയ്യാറായില്ല. 15-ാം ഓവറില്‍ ഇംപാക്‌ട് പ്ലെയറായ പേസര്‍ കുല്‍ദീപ് സെന്നിനെ സഞ്‌ജു പന്തെറിയാനേല്‍പ്പിച്ചു. ഇതോടെ സൂര്യകുമാര്‍ യാദവ് ഉഗ്രരൂപം പൂണ്ടു.

സെന്നിനെ സിക്‌സര്‍ പായിച്ച് വരവേറ്റ സൂര്യ പിന്നാലെ മൂന്ന് ബൗണ്ടറിയും നേടി. ആ ഓവറില്‍ 20 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് അടിച്ചെടുത്തത്. സൂര്യ 24 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുംബൈ സ്‌കോര്‍ 150 കടന്നു.

അവസാന അഞ്ച് ഓവറില്‍ ആതിഥേയര്‍ക്ക് ജയം സ്വന്തമാക്കാന്‍ 63 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 16-ാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെ മുംബൈയ്‌ക്ക് നഷ്‌ടമായി. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ സന്ദീപ് ശര്‍മ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ സൂര്യ ഫൈന്‍ ലെഗിലേക്ക് അടിച്ചുയര്‍ത്തിയ പന്ത് പിടിച്ചെടുക്കുകയായിരുന്നു. 29 പന്തില്‍ 55 റണ്‍സായിരുന്നു സൂര്യ നേടിയത്.

പിന്നാലെ ആറാമനായി ടിം ഡേവിഡ് ക്രീസിലേക്കെത്തി. നേരിട്ട ആദ്യ രണ്ട് പന്തുകളില്‍ നിന്നും രണ്ട് ഡബിളുകളാണ് ഡേവിഡ് ഓടിയെടുത്തത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 156-4 എന്ന നിലയിലായിരുന്നു മുംബൈ. അടുത്ത ഓവര്‍ എറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ തിലകിന്‍റെയും ഡേവിഡിന്‍റെയും ബാറ്റിന്‍റെ ചൂടറിഞ്ഞു. 14 റണ്‍സാണ് ആ ഓവറില്‍ ഹോള്‍ഡറിനെതിരെ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ അടുത്ത ഓവറില്‍ പിറന്നത് 11 റണ്‍സ്.

ഡേവിഡും തിലക് വര്‍മയും താളം കണ്ടെത്തിയതോടെ സന്ദീപ് ശര്‍മയെ നായകന്‍ സഞ്ജു സാംസണ്‍ പന്തെറിയാനെത്തിച്ചു. എന്നാല്‍ സന്ദീപ് ആ ഓവറില്‍ 15 റണ്‍സ് വഴങ്ങി. ഇതോടെ മുംബൈ സ്‌കോര്‍ 19 ഓവറില്‍ 196ലേക്കെത്തി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു ബോളര്‍, ക്രീസില്‍ ടിം ഡേവിഡും. ഹോള്‍ഡറിന്‍റെ ഓവറിലെ ആദ്യ മൂന്ന് പന്ത് തന്നെ അതിര്‍ത്തി കടത്തി ഡേവിഡ് മുംബൈക്ക് ജയം സമ്മാനിക്കുകയായിരുന്നു.

മത്സരത്തില്‍ 14 പന്ത് നേരിട്ട ടിം ഡേവിഡ് 45 റണ്‍സാണ് അടിച്ച് കൂട്ടിയത്. തിലക് വര്‍മ 21 പന്തില്‍ 29-മായി പുറത്താകാതെ നിന്നു. രാജസ്ഥാനായി അശ്വിന്‍ രണ്ടും സന്ദീപ് ശര്‍മ, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ജയ്‌സ്വാള്‍ സെഞ്ച്വറിയില്‍ രാജസ്ഥാന്‍:നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സാണ് അടിച്ച് കൂട്ടിയത്. യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 62 പന്തില്‍ 124 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഒരു അണ്‍ ക്യാപ്‌ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

കലക്കന്‍ തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം ഓവറില്‍ തന്നെ ടീമിനെ 50 കടത്തിയിരുന്നു. ബട്‌ലര്‍ പതിഞ്ഞ് കളിച്ചപ്പോള്‍ യശസ്വി ജയ്‌സ്വാളായിരുന്നു കൂടുതല്‍ ആക്രമണകാരി.

പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ രാജസ്ഥാന്‍ 65 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇതില്‍ 41 റണ്‍സും പിറന്നത് യശസ്വിയുടെ ബാറ്റില്‍ നിന്നായിരുന്നു. ഒടുവില്‍ എട്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ബട്‌ലറെ ( 19 പന്തില്‍ 18) മടക്കിക്കൊണ്ട് പിയൂഷ് ചൗളയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.ഒന്നാം വിക്കറ്റില്‍ യശസ്വി- ബട്‌ലര്‍ സഖ്യം 72 റണ്‍സാണ് നേടിയത്.

മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ സിക്‌സോടെ തുടങ്ങിയെങ്കിലും നിരാശപ്പെടുത്തി. അര്‍ഷദ് ഖാന്‍റെ പന്തില്‍ തിലക് വര്‍മ പിടികൂടി മടങ്ങുമ്പോള്‍ 10 പന്തില്‍ 14 റണ്‍സാണ് സഞ്‌ജുവിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ യശസ്വി 32 പന്തുകളില്‍ അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ ദേവ്‌ദത്ത് പടിക്കലിനെ സംഘത്തിന് നഷ്‌ടമായി. ദേവ്‌ദത്തിനെ (4 പന്തില്‍ 2) പിയൂഷ് ചൗള ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയെ ജേസൺ ഹോൾഡർ( 9 പന്തില്‍ 11) , ഷിമ്‌റോൺ ഹെറ്റ്‌മെയർ (9 പന്തില്‍ 8), ധ്രുവ് ജുറെൽ (3 പന്തില്‍ 2) നിരാശപ്പെടുത്തി. എന്നാല്‍

ഒരറ്റത്ത് അടി തുടര്‍ന്ന യശസ്വി 17-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ റിലെ മെറിഡിത്തിനെ ബൗണ്ടറിയടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി. 53 പന്തുകളില്‍ നിന്നാണ് താരം ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ച്വറി കണ്ടെത്തിയത്. ഇന്നിങ്‌സിന്‍റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ അർഷാദ് ഖാനാണ് യശസ്വിയെ പുറത്താക്കിയത്. 8 സിക്‌സുകളും 16 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ കലക്കന്‍ ഇന്നിങ്‌സ്. ആര്‍ അശ്വിനും (5 പന്തില്‍ 8), ട്രെന്‍റ് ബോള്‍ട്ടും പുറത്താവാതെ നിന്നു. മുംബൈയ്‌ക്കായി അർഷാദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ പിയൂഷ് ചൗള രണ്ട് വിക്കറ്റ് നേടി.

ABOUT THE AUTHOR

...view details