മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് അടിച്ച് കൂട്ടിയത്. 29 പന്തില്‍ 55 റണ്‍സടിച്ച സാം കറനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ഹർപ്രീത് സിങ് ഭാട്ടിയ (28 പന്തില്‍ 41) പിന്തുണ നല്‍കി.
ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന് ലഭിച്ചത്. ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 58 റണ്‍സായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍ മാത്യു ഷോർട്ട് (10 പന്തില്‍ 11) ആയിരുന്നു ആദ്യം മടങ്ങിയത്. കാമറൂണ്‍ ഗ്രീനിനായിരുന്നു വിക്കറ്റ്. പവര്‍പ്ലേയുടെ തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാൻ സിങ്ങിനെയും പഞ്ചാബിന് നഷ്‌ടമായി.
17 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച അഥർവ ടൈഡെും ലിയാം ലിവിങ്‌സ്‌റ്റണും പഞ്ചാബിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ 10-ാം ഓവറില്‍ പഞ്ചാബിന് ഇരട്ട പ്രഹരം ലഭിച്ചു. പിയൂഷ് ചൗള എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്തില്‍ ലിവിങ്‌സ്‌റ്റണിനെ (12 പന്തില്‍ 10) ഇഷാന്‍ കിഷന്‍ സ്‌റ്റംപ് ചെയ്‌തു പുറത്താക്കി.
നാല് പന്തുകള്‍ക്കപ്പുറം അഥർവയുെട (17 പന്തില്‍ 29) കുറ്റി തെറിപ്പിച്ചും ചൗള തിരിച്ച് കയറ്റി. ഈ സമയം 83 റണ്‍സാണ് പഞ്ചാബിന് നേടാന്‍ കഴിഞ്ഞിരുന്നത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹർപ്രീത് സിങ് ഭാട്ടിയയും ക്യാപ്റ്റന്‍ സാം കറനും ചേര്‍ന്നാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. തുടക്കം ശ്രദ്ധയോടെ കളിച്ച ഇരുവരും തുടര്‍ന്ന് കത്തിക്കയറിയതോടെയാണ് പഞ്ചാബ് സ്‌കോര്‍ കുതിച്ചത്.