കൊൽക്കത്ത:ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ നിതീഷ് റാണ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാഷിംഗ്‌ടൺ സുന്ദറിന് പകരം അഭിഷേക് ശർമയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കൊൽക്കത്ത കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിർത്തി.
ആദ്യ മത്സരത്തിൽ തോൽവിയോടെയാണ് തുടങ്ങിയതെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ മികച്ച വിജയത്തോടെ മുന്നേറുകയാണ് കൊൽക്കത്ത. അവസാന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന കൊൽക്കത്തയെ റിങ്കു സിങിന്‍റെ അത്ഭുത ഇന്നിങ്‌സാണ് വിജയത്തിലേക്ക് എത്തിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിലും കൊൽക്കത്ത വ്യത്യസ്‌ത ഓപ്പണർമാരെയാണ് കളത്തിലിറക്കിയത്.
പവര്‍ ഹിറ്റര്‍ ആന്ദ്രേ റസല്‍, നായകന്‍ നിതീഷ് റാണ എന്നിവർ ഫോമിലേക്കുയരാത്തതാണ് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയാകുന്നത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും സ്ഥിരത കൈവരിക്കാത്ത ടോപ് ഓര്‍ഡറും പഴയ ഫോമിന്‍റെ നിഴലില്‍ കഴിയുന്ന ആന്ദ്രേ റസലിന്‍റെ ദയനീയ പ്രകടനവുമാണ് ടീം നേരിടുന്ന പ്രധാന തലവേദന.
വിജയം തുടരാൻ ഹൈദരാബാദ്: അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ സണ്‍റൈസേഴ്‌സ് നായകൻ എയ്‌ഡൻ മാർക്രത്തിന്‍റെ വരവോടെ ഉണർന്നിട്ടുണ്ട്. മാർക്രം തിരിച്ചെത്തിയതോടെ മൂന്നാം മത്സരത്തിൽ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ജയം നേടിയിരുന്നു. മികച്ച ഫോമിലുള്ള രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം എന്നിവരാണ് സണ്‍റൈസേഴ്‌സിന്‍റെ കരുത്ത്. മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക് എന്നിവർ മികവിലേക്ക് ഉയരാത്തതാണ് ടീമിന്‍റെ പ്രധാന തലവേദന.