കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 39-ാം മത്സരമാണിത്.
കൊല്‍ക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് കളി നടക്കുന്നത്. കാലാവസ്‌ഥ അടിസ്ഥാനമാക്കിയാണ് ബോളിങ് തെരഞ്ഞെടുത്തതെന്ന് ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. നല്ല തെളിച്ചമുള്ളതിനാൽ ആദ്യം ബാറ്റ് ചെയ്യാമെന്ന് കരുതിയിരുന്നു. പക്ഷെ അതില്‍ മാറ്റം വന്നതോടെയാണ് ബോളിങ് തെരഞ്ഞെടുത്തത്.
നല്ല ക്രിക്കറ്റ് കളിക്കുകയും പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നതെന്നും നായകന്‍ വ്യക്തമാക്കി. ടോസ് ലഭിച്ചാല്‍ ബാറ്റിങ് തന്നെയാവും തെരഞ്ഞെടുക്കുകയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും രണ്ട് മാറ്റവുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്. ജേസൺ റോയിക്ക് പകരം റഹ്മാനുള്ള ഗുർബാസാണ് പ്ലേയിങ് ഇലവനിലെത്തിയത്. നടുവേദനയെത്തുടര്‍ന്നാണ് റോയ്‌ക്ക് മത്സരം നഷ്‌ടമായത്. പേസര്‍ ഉമേഷ് യാദവാണ് ടീമില്‍ നിന്നും പുറത്തായ മറ്റൊരു താരം. ഹർഷിത് റാണയാണ് പകരമെത്തുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): എൻ ജഗദീശൻ, റഹ്മാനുള്ള ഗുർബാസ്, വെങ്കടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഡേവിഡ് വെയ്‌സ്, ശാർദുൽ താക്കൂർ, ഹർഷിത് റാണ, വരുൺ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ):വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ.
സീസണില്‍ കൊല്‍ക്കത്ത തങ്ങളുടെ ഒമ്പതാം മത്സരത്തിനിറങ്ങുമ്പോള്‍ ഗുജറാത്തിനിത് എട്ടാം മത്സരമാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രം നേടാന്‍ കഴിഞ്ഞ കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്‌ത്തി വിജയ വഴിയില്‍ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് സംഘം.
മറുവശത്ത് കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയമുള്ള ഗുജറാത്ത് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വിജയം നേടിയാണ് സംഘം എത്തിയത്. ഇന്ന് കൊല്‍ക്കത്തയെ കീഴടക്കിയാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഗുജറാത്തിന് കഴിയും.
കഴിഞ്ഞ സീസണിലെ അരങ്ങേറ്റക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ഗുജറാത്തുമായി ഇതിന് മുന്നെ രണ്ട് മത്സരങ്ങളിലാണ് കൊല്‍ക്കത്ത ഏറ്റുമുട്ടിയത്. ഇതില്‍ ഓരോ വിജയങ്ങള്‍ വീതം ഇരും സംഘവും നേടിയിരുന്നു. സീസണില്‍ നേരത്തെ നേര്‍ക്കുനേരെത്തിയപ്പോള്‍ ഗുജറാത്ത് കൊല്‍ക്കത്തയോട് തോല്‍വി വഴങ്ങിയിരുന്നു.
അവസാന അഞ്ച് പന്തിലും സിക്‌സര്‍ പറത്തിയ റിങ്കു സിങ് മാജിക്കായിരുന്നു ഗുജറാത്തില്‍ നിന്നും വിജയം തട്ടിപ്പറിച്ചത്. കൊല്‍ക്കത്തയുടെ തട്ടകത്തില്‍ വച്ച് ഈ കണക്ക് കൂടെ തീര്‍ക്കാനുറച്ചാവും ഗുജറാത്ത് ഇറങ്ങുകയെന്നുറപ്പ്.
ALSO READ:IPL 2023 | 'പത്ത് വര്‍ഷം, അഞ്ച് കിരീടം'; ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ ആദരിക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്