അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർ റിതുരാജ് ഗെയ്‌ക്‌വാദ് തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. മത്സരത്തിൽ 50 പന്തിൽ നിന്ന് 92 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. ഒൻപത് സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഇപ്പോൾ തകർപ്പൻ പ്രകടനത്തിൽ റിതുരാജിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ.
ഇതേ ഫോമിൽ ബാറ്റിങ് തുടർന്നാൽ ഇന്ത്യൻ ടീമിൽ റിതുരാജിന് അത്‌ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നാണ് ഹാർദിക് പാണ്ഡ്യ വ്യക്‌തമാക്കിയത്. 'റിതുരാജ് കളിച്ച ചില ഷോട്ടുകൾ ബോളുമായി യാതൊരു ബന്ധവുമില്ലാത്തവയായിരുന്നു. ചില ഉഗ്രൻ ഷോട്ടുകൾ അവന്‍റെ ബാറ്റിൽ നിന്ന് പിറന്നു. ബാറ്റ് ചെയ്‌ത രീതിയുടെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്. അത് തുടർന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ അവനാകും'. പാണ്ഡ്യ പറഞ്ഞു.
'അവന് മുന്നിൽ ഇനിയും മത്സരങ്ങളുണ്ട്. സമയമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം അവന് മതിയായ പിന്തുണ നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ എങ്ങനെയുള്ള കളിക്കാരനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു സമയത്ത് ചെന്നൈ 220-230 റണ്‍സ് വരെ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചിരുന്നു. ഏത് ഏരിയയിലാണ് അവന് പന്തെറിയേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
അവനെ ഞങ്ങൾക്ക് പുറത്താക്കാൻ കഴിയില്ല എന്ന് വരെ എനിക്ക് തോന്നിയിരുന്നു. സത്യത്തിൽ റിതുരാജ് ഒരു ഓൾ റൗണ്ട് ക്രിക്കറ്ററാണ്. യഥാർഥത്തിൽ അവൻ കളിച്ച പന്തുകളൊന്നും തന്നെ മോശമായിരുന്നില്ല. അവയെല്ലാം മികച്ച പന്തുകൾ തന്നെയായിരുന്നു. അതിനാൽ തന്നെ ഒരു ബൗളർ എന്ന നിലയിലും ക്യാപ്‌റ്റൻ എന്ന നിലയിലും അവൻ എന്‍റെ ജോലി കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി.' പാണ്ഡ്യ വ്യക്‌തമാക്കി.