അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ്- ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ. വാശിയേറിയ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ 62 റൺസിൻ്റെ കൂറ്റൻ വിജയം നേടിയാണ് ഗുജറാത്ത് ഫൈനൽ പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. ഗുജറാത്തിൻ്റെ 234 എന്ന റൺമല പിന്തുടർന്നിറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറിൽ 171 റൺസിൽ അവസാനിക്കുകയായിരുന്നു.
60 പന്തിൽ 129 റൺസ് നേടി മുംബൈ ബോളർമാരെ നിഷ്പ്രഭമാക്കിയ ശുഭ്മാൻ ഗില്ലും, 2.2 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയും ചേർന്നാണ് ഗുജറാത്തിനെ ഫൈനലിലേക്ക് പിടിച്ചു കയറ്റിയത്. വിജയത്തോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
ഗുജറാത്തിൻ്റെ കൂറ്റൻ വിജയലക്ഷ്യം ബാറ്റിങ് കരുത്തുകൊണ്ട് മറികടക്കാം എന്ന ഉദ്യേശത്തോടെ തന്നെയാണ് മുംബൈ മറുപടി ബാറ്റിങിനിറങ്ങിയത്. മത്സരത്തിനിടയില്‍ പരിക്കേറ്റ് പുറത്തുപോയ ഇഷാന്‍ കിഷന് പകരം ഇംപാക്‌ട് പ്ലെയറായെത്തിയ നെഹാല്‍ വധേരയും നായകന്‍ രോഹിത് ശര്‍മയുമാണ് മുംബൈയ്‌ക്കായി ഓപ്പണ്‍ ചെയ്‌തത്. എന്നാല്‍ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വധേരയെ പുറത്താക്കി മുഹമ്മദ് ഷമി ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തി. കേവലം അഞ്ച് റണ്‍സ് മാത്രമായിരുന്നു നിര്‍ണായക മത്സരത്തില്‍ വധേരയുടെ സമ്പാദ്യം.
അധികം വൈകാതെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത്തും മടങ്ങി. അനാവശ്യ ഷോട്ടില്‍ പുറത്തായ നായകന് എട്ട് റണ്‍ മാത്രമെ സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കാനായുള്ളു. പിന്നാലെ കാമറൂണ്‍ എത്തിയെങ്കിലും ഹാർദിക്കിൻ്റെ പന്തിൽ കൈയ്ക്ക് പരിക്കേറ്റ് പുറത്തുപോയി പകരമെത്തിയ തിലക് വര്‍മ്മ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും അതും മുംബൈക്ക് തുണയായില്ല. കൂറ്റനടികളുമായി കളം നിറഞ്ഞെങ്കിലും ആറാം ഓവറിൻ്റെ അവസാന പന്തിൽ ടീം സ്കോർ 72ൽ നിൽക്കെ തിലക് വർമ പുറത്താകുകയായിരുന്നു.
14 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറികളുമായി 43 റണ്‍സ് കുറിച്ചാണ് മുംബൈയുടെ യുവ ബാറ്റര്‍ തിരികെ കയറിയത്. പിന്നാലെ പരിക്കേറ്റ് മടങ്ങിയ കാമറൂൺ ഗ്രീൻ തിരികെ ക്രീസിലെത്തി. സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഗ്രീൻ കളം നിറഞ്ഞ് കളിച്ചു. ഒരു ഘട്ടത്തിൽ ഇരുവരും ചേർന്ന് മുംബൈയെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ ടീം സ്കോർ 124ൽ നിൽക്കെ ഗ്രീനിനെയും മുംബൈക്ക് നഷ്ടമായി. 20 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 30 റൺസ് നേടിയ താരത്തെ ജോഷ്വ ലിറ്റിൽ പുറത്താക്കുകയായിരുന്നു.
പിന്നാലെ മലയാളി താരം വിഷ്ണു വിനോദ് ക്രീസിലെത്തി. ഗ്രീൻ പുറത്തായതോടെ മുംബൈയെ വിജയിപ്പിക്കേണ്ട ഭാരമെല്ലാം സൂര്യകുമാറിൻ്റെ ചുമലിലേക്കെത്തി. ഇതോടെ വിഷ്ണു വിനോദിനെ കൂട്ടുപിടിച്ച് സൂര്യ കൂറ്റൻ ഷോട്ടുകൾ പായിക്കാൻ തുടങ്ങി. ഇതിനിടെ തകർപ്പനൊരു സിക്സിലൂടെ 33 പന്തിൽ നിന്ന് സൂര്യകുമാർ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ ഈ സന്തോഷങ്ങൾക്ക് അധിക ആയുസ് ഉണ്ടായിരുന്നില്ല.
മത്സരത്തിൽ ആദ്യ ഓവർ എറിയാനെത്തിയ മോഹിത് ശർമ മുംബൈയുടെ സ്വപ്നങ്ങൾ എല്ലാം തല്ലിത്തകർക്കുകയായിരുന്നു. 38 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ താരം മോഹിത്തിൻ്റെ പന്തിൽ പുറത്താകുകയായിരുന്നു. രണ്ട് പന്തുകൾക്കിപ്പുറം വിഷ്ണു വിനോദിനെയും ( 5) മുംബൈക്ക് നഷ്ടമായി. റാഷിദ് ഖാൻ്റെ തൊട്ടടുത്ത ഓവറിൽ ബിഗ് ഹിറ്റർ ടീം ഡേവിഡും (2) വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ മുംബൈ പരാജയം ഉറപ്പിക്കുകയായിരുന്നു.
പിന്നാലെ മുംബൈ കൂട്ട തകർച്ചയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ക്രിസ് ജോർദാൻ (2), പീയുഷ് ചൗള(0) എന്നിവർ നിരനിരയായി മടങ്ങി. ഒടുവിൽ 18-ാം ഓവറിൻ്റെ രണ്ടാം പന്തിൽ കുമാർ കാർത്തികേയയേയും (6) പുറത്താക്കി മോഹിത് ശർമ മുംബൈയുടെ ഇന്നിങ്സിന് തിരശ്ശീലയിടുകയായിരുന്നു. ഗുജറാത്തിനായി മോഹിത് ശർമ 2.2 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റും ജോഷ്വ ലിറ്റിൽ ഒരു വിക്കറ്റും നേടി
മുംബൈയെ തകർത്ത ഗില്ലാട്ടം: മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനെ പോലെ ശക്തമായൊരു ടീമിനെ താരതമ്യേന നിസാരക്കാരായ ബോളിങ് നിരയെ ഉപയോഗിച്ച് പിടിച്ചുകെട്ടുക അസാധ്യമാണെന്ന് വ്യക്തമായതോടെയാണ് മുംബൈ ചേസിങിലേക്ക് കടക്കുന്നത്. ഇതുപ്രകാരം ഗുജറാത്തിനായി ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ക്രീസിലെത്തി.
ആദ്യ ഓവറുകളില്‍ കുറഞ്ഞ റണ്‍സ് മാത്രം വഴങ്ങിയ മുംബൈ ബോളിങ് നിര മത്സരം കൈപ്പിടിയിലാക്കുന്നതായ പ്രതീതി നല്‍കിയെങ്കിലും മൂന്നാം ഓവറോടെ കളി മാറി. എതിര്‍വശത്തെത്തുന്ന ഓരോ ബൗളര്‍മാരെയും ബൗണ്ടറികൾ പായിച്ച് ശുഭ്‌മാന്‍ ഗില്‍ കരുത്തുകാട്ടി. വിക്കറ്റിനായി ദാഹിച്ച നിമിഷത്തില്‍ കൈവന്ന ഭാഗ്യം ടിം ഡേവിഡിന്‍റെ കൈകളില്‍ നിന്ന് പാഴായതോടെ ഗുജറാത്ത് അക്രമകാരികളായി.
ഗില്ലും സാഹയും ബാറ്റുകൊണ്ട് മുംബൈയെ പ്രഹരമേല്‍പ്പിക്കവെ ഏഴാമത്തെ ഓവറിലെ രണ്ടാം പന്തില്‍ സാഹയെ മടക്കി പിയൂഷ് ചൗള മുംബൈയ്‌ക്ക് അശ്വാസ വിക്കറ്റ് നല്‍കി. 16 പന്തില്‍ മൂന്ന് ബൗണ്ടറികളുമായി 18 റണ്‍സുമായി നില്‍ക്കവെയാണ് വൈഡ് ബോളില്‍ സ്‌റ്റംസില്‍ കുരുക്കി സാഹയെ ഇഷാന്‍ കിഷന്‍ തിരികെ അയച്ചത്. എന്നാൽ ഈ വിക്കറ്റ് ഗില്ലിനെ കൂടുതൽ ആക്രമണകാരിയാക്കി മാറ്റുകയായിരുന്നു.
മറുവശത്ത് സായ് സുദര്‍ശനെ കൂടെക്കൂട്ടി സ്റ്റേഡിയത്തിൻ്റെ എല്ലാ മൂലയിലും പന്തെത്തിച്ച ഗില്‍ സെഞ്ചുറിയും നേടി. പിന്നീടൊരു വിക്കറ്റിനായി 17 ഓവറിലെ അവസാന പന്ത് വരെ മുംബൈയ്‌ക്ക് കാത്തിരിക്കേണ്ടതായി വന്നു. ആകാശ് മധ്വാളിന്‍റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങവെ 10 സിക്‌സറുകളും ഏഴ് ബൗണ്ടറികളുമായി 129 റണ്‍സ് എന്ന ഭീമന്‍ സ്‌കോറായിരുന്നു സമ്പാദ്യം.
തൊട്ടുപിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയിറങ്ങി. ഹാര്‍ദിക് - സുദര്‍ശന്‍ കൂട്ടുകെട്ട് 19 ഓവര്‍ വരെ നീണ്ടു. റിട്ടേഡ് ഓട്ടായി മടങ്ങുമ്പോള്‍ 31 പന്തില്‍ 43 റണ്‍സായിരുന്നു സുദര്‍ശന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെയെത്തിയ റാഷിദ് ഖാനെ കൂടെക്കൂട്ടി ഹാര്‍ദിക് പാണ്ഡ്യ 233 റണ്‍സില്‍ നിശ്ചിത ഓവറില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ (28), റാഷിദ് ഖാന്‍ (5) എന്നിവർ പുറത്താകാതെ നിന്നു.