അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ മികച്ച വിജയ ലക്ഷ്യം ഉയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ ഗുജറാത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
മുംബൈ ബോളര്‍മാര്‍ ഇത്തവണയും ഡെത്ത് ഓവറില്‍ അടിവാങ്ങിക്കൂട്ടിയതോടെയാണ് ഗുജറാത്ത് മികച്ച ടോട്ടലില്‍ എത്തിയത്. അവസാന നാല് ഓവറില്‍ 77 റണ്‍സാണ് മുംബൈ വഴങ്ങിയത്. ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോര്‍. ഡേവിഡ് മില്ലറും അഭിനവ് മനോഹറും മിന്നി.
ഭേദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് നില്‍ക്കെ മൂന്നാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ ഗുജറാത്തിന് നഷ്‌ടമായി. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത സാഹയെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്യയും ചേര്‍ന്ന് പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 50/1 എന്ന നിലയിലേക്ക് ഗുജറാത്തിനെ എത്തിച്ചു.
ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി. എന്നാല്‍ ഏഴാം ഓവറിന്‍റെ ആദ്യ പന്തില്‍ ഹാര്‍ദിക്കിനെ (14 പന്തില്‍ 13) സൂര്യകുമാറിന്‍റെ കയ്യിലെത്തിച്ച പിയൂഷ് ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. നാലാം നമ്പറില്‍ എത്തിയ വിജയ് ശങ്കര്‍ക്കൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിച്ച ഗില്‍ 30 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
തൊട്ടുപിന്നാലെ താരം മടങ്ങി. 34 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്ത ഗില്ലിനെ കുമാര്‍ കാര്‍ത്തികേയയാണ് തിരിച്ചയച്ചത്. തൊട്ടുപിന്നാലെ വിജയ് ശങ്കറും (16 പന്തില്‍ 19) മടങ്ങുമ്പോള്‍ 12.2 ഓവറില്‍ നാലിന് 101 എന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മില്ലറും അഭിനവ് മനോഹറും തകര്‍പ്പനടി നടത്തിയതോടെയാണ് ഗുജറാത്ത് സ്‌കോര്‍ കുതിച്ചത്.
19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ അഭിനവ് പുറത്താവുമ്പോള്‍ 172 റണ്‍സാണ് ഗുജറാത്ത് ടോട്ടലില്‍ ഉണ്ടായിരുന്നത്. 21 പന്തില്‍ മൂന്ന് വീതം ഫോറുകളും സിക്‌സുകളുമായി 42 റണ്‍സടിച്ച അഭിനവിനെ റിലെ മെറിഡിത്താണ് വീഴ്‌ത്തിയത്. തുടര്‍ന്നെത്തിയ രാഹുല്‍ തെവാട്ടിയയും മില്ലര്‍ക്കൊപ്പം കത്തിക്കയറിയതോടെയാണ് ഗുജറാത്ത് 200 കടന്നത്.
20-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് മില്ലര്‍ മടങ്ങുന്നത്. 22 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 46 റണ്‍സെടുത്ത താരത്തെ ജേസൺ ബെഹ്‌റൻഡോർഫാണ് വീഴ്‌ത്തിയത്. രാഹുലിനൊപ്പം (5 പന്തില്‍ 20), റാഷിദ് ഖാനും (1 പന്തില്‍ 2) പുറത്താവാതെ നിന്നു. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്‌ത്തി. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജേസൺ ബെഹ്‌റൻഡോർഫ്, കുമാര്‍ കാര്‍ത്തികേയ, റിലേ മെറിഡിത്ത് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.