കേരളം

kerala

ETV Bharat / sports

IPL 2023| ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് പ്ലേ ഓഫില്‍ - Mohammed Shami

ഗുജറാത്തിൻ്റെ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസേ നേടാനായുള്ളു.

IPL 2023  Gujarat Titans  Sunrisers Hyderabad  GTV v s SRH highlights  Bhuvneshwar Kumar  shubman gill  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  ശുഭ്‌മാന്‍ ഗില്‍  ഭുവനേശ്വര്‍ കുമാര്‍  Mohammed Shami  മുഹമ്മദ് ഷമി
IPL 2023 | ഹൈദരാബാദിന് ദയനീയ തോല്‍വി; ഗുജറാത്ത് പ്ലേ ഓഫില്‍

By

Published : May 15, 2023, 11:33 PM IST

അഹമ്മദാബാദ്:ഐപിഎല്‍ 16-ാം സീസണില്‍ പ്ലേ ഓഫ്‌ ഉറപ്പിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 34 റണ്‍സിന്‍റെ വിജയത്തോടെയാണ് ഗുജറാത്ത് മുന്നേറ്റം ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നേടിയ 188 റണ്‍സിന് മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസേ നേടാനായുള്ളു.

അര്‍ധ സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസന്‍റെ പോരാട്ടമാണ് ഹൈദരാബാദിന്‍റെ തോല്‍വി ഭാരം കുറച്ചത്. ഭുവനേശ്വർ കുമാർ ക്ലാസന് മികച്ച പിന്തുണ നൽകി. നാല് വിക്കറ്റുകള്‍ വീതം നേടിയ മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും ചേര്‍ന്നാണ് ഹൈദരാബാദിനെ എറിഞ്ഞൊതുക്കിയത്.

ആദ്യ ഓവറില്‍ തന്നെ അൻമോൽപ്രീത് സിങ്ങിനെ (4 പന്തില്‍ 5) മടക്കി മുഹമ്മദ് ഷമി നയം വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ഓവറില്‍ അഭിഷേക് ശർമയെ (5 പന്തില്‍ 5) യാഷ്‌ ദയാലും തിരിച്ച് കയറ്റി. പിന്നാലെ രാഹുല്‍ ത്രിപാഠി (2 പന്തില്‍ 1), എയ്‌ഡന്‍ മാര്‍ക്രം (10 പന്തില്‍ 10) എന്നിവരേയും പവലിയനിലേക്ക് അയച്ച് ഷമി നിറഞ്ഞാടി.

തുടര്‍ന്ന് ഒന്നിച്ച ഹെൻറിച്ച് ക്ലാസനും സൻവീർ സിങ്ങും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചതോടെ പവര്‍പ്ലേ 45/4 എന്ന നിലയിലാണ് ഹൈദരാബാദ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ തൊട്ടടുത്ത ഓവറിൽ സൻവീർ സിങ്ങിനെ (6 പന്തില്‍ 7) സായ്‌ സുദര്‍ശന്‍റെ കയ്യിലെത്തിച്ച മോഹിത് ശര്‍മ തന്‍റെ ആദ്യ വിക്കറ്റ് നേടി. തുടര്‍ന്ന് അബ്ദുൾ സമദ് (3 പന്തില്‍ 4), മാർക്കോ ജാൻസെൻ (6 പന്തില്‍ 3) എന്നിവരേയും മോഹിത് ഇരയാക്കിയതോടെ ഹൈദരാബാദ് ഒമ്പത് ഓവറില്‍ 59/7 എന്ന നിലയിലേക്ക് തകര്‍ന്നു.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് ഹെൻറിച്ച് ക്ലാസൻ സൺറൈസേഴ്സിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 16-ാം ഓവറിൻ്റെ അവസാന പന്തിൽ ക്ലാസനെ പുറത്താക്കി ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പുറത്താകുമ്പോൾ 44 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 64 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.

തുടർന്ന് മായങ്ക് മാർക്കണ്ഡെയെ കൂട്ടുപിടിച്ച് ഭുവനേശ്വർ അടി തുടർന്നു. ടീം സ്കോർ 147ൽ നിൽക്കെ ഭുവനേശ്വറിനേയും സൺറൈസേഴ്സിന് നഷ്ടമായി. മായങ്ക് മാർക്കണ്ഡെ (18) ഫറൂഖി (1) എന്നിവർ പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശർമ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യാഷ് ദയാൽ ഒരു വിക്കറ്റും നേടി.

മിന്നല്‍ ഗില്‍:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തിലാണ് 188 റണ്‍സ് നേടിയത്. ശുഭ്‌മാന്‍ ഗില്ലിന്‍റെ മിന്നല്‍ സെഞ്ച്വറിയാണ് ഗുജറാത്തിന് കരുത്തായത്. 58 പന്തില്‍ 101 റണ്‍സാണ് താരം അടിച്ചെടുത്തത്. സായ്‌ സുദര്‍ശന്‍റെ (36 പന്തില്‍ 47) പ്രകടനവും നിര്‍ണായകമായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്ലും സുദര്‍ശനും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ആദ്യ ഓവറിൽ തന്നെ വൃദ്ധിമാന്‍ സാഹയെ (3 പന്തില്‍ 0) ഭുവനേശ്വര്‍ കുമാര്‍ വീഴ്‌ത്തിയെങ്കിലും ഗുജറാത്തിന്‍റെ തുടക്കം മികച്ചതായിരുന്നു. പിന്നീട് ഒന്നിച്ച ശുഭ്‌മാന്‍ ഗില്ലും സുദര്‍ശനും ചേര്‍ന്ന് നാലാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്‌കോര്‍ അമ്പതിലെത്തിച്ചിരുന്നു. ഗില്ലായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 65/1 എന്ന നിലയിലായിരുന്നു ഗുജറാത്ത്.

തുര്‍ന്നും ഹൈദരാബാദ് ബോളര്‍മാരെ കടന്നാക്രമിച്ച ഗില്‍ 22 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ചു. 15-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സായ്‌ സുദര്‍ശനെ നടരാജന്‍റെ കയ്യിലെത്തിച്ച മാര്‍ക്കോ ജാന്‍സെനാണ് ഹൈദരാബാദിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഇതിന് മുന്നെ പല തവണ സുദര്‍ശനെ പുറത്താക്കുനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും ഗുജറാത്തിന് അവ മുതലാക്കാനായിരുന്നില്ല.

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 8), ഡേവിഡ് മില്ലര്‍ (5 പന്തില്‍ 7), രാഹുല്‍ തെവാട്ടിയ (3 പന്തില്‍ 3) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗില്‍ ഒരറ്റത്ത് അടി തുടര്‍ന്നു. ഒടുവില്‍ 56 പന്തുകളില്‍ നിന്നും സെഞ്ച്വറി തികച്ച താരത്തെ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ഭുവിയാണ് മടക്കുന്നത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

തുടര്‍ന്നെത്തിയ റാഷിദ്‌ ഖാന്‍ (1 പന്തില്‍ 0), നൂര്‍ അഹമ്മദ് (1 പന്തില്‍ 0), മുഹമ്മദ് ഷമി (1 പന്തില്‍ 0) എന്നിവർ അവസാന ഓവറിൽ വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിച്ചു. നൂര്‍ അഹമ്മദ് റണ്ണൗട്ടായപ്പോള്‍ മറ്റുള്ള താരങ്ങളെ വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റുകള്‍ തികയ്‌ക്കുകയും ചെയ്‌തു. വെറും രണ്ട് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ ഭുവി വഴങ്ങിയത്.

ALSO READ:രവി ശാസ്ത്രിക്കും അത് തന്നെയാണ് പറയാനുള്ളത്... 'രോഹിത്തും കോലിയും പോകട്ടെ, യുവതാരങ്ങൾ വരട്ടെ'....

ABOUT THE AUTHOR

...view details