കേരളം

kerala

ETV Bharat / sports

IPL 2023| ഡല്‍ഹിയുടെ 'റോക്ക്' സാള്‍ട്ട്; ബാംഗ്ലൂരിന് കണ്ണീരുപ്പ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഏഴ്‌ വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്.

IPL 2023  Delhi Capitals  Royal Challengers Bangalore  DC vs RCB highlights  faf du plessis  dawid warner  ഐപിഎല്‍  ഡല്‍ഹി ക്യാപിറ്റല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഡേവിഡ് വാര്‍ണര്‍  ഫാഫ് ഡുപ്ലെസിസ്  virat kohli  വിരാട് കോലി  mahipal lomror  മഹിപാല്‍ ലോംറോര്‍  ഫിലിപ് സാള്‍ട്ട്  philip salt
IPL 2023| ഡല്‍ഹിയുടെ 'റോക്ക്' സാള്‍ട്ട്; ബാംഗ്ലൂരിന് കണ്ണീരുപ്പ്

By

Published : May 6, 2023, 11:05 PM IST

ന്യൂഡല്‍ഹി:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മിന്നും വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നേടിയ 181 റണ്‍സിന് മറുപടിക്കിറങ്ങിയ ഡല്‍ഹി 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

ഫിലിപ് സാള്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ഡല്‍ഹിയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിലീ റോസോവും നിര്‍ണായകമായി. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ഡേവിഡ് വാര്‍ണറും അനായാസം റണ്‍സ് കണ്ടെത്തിയതോടെ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്.

ആറാം ഓവറിന്‍റെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ (14 പന്തില്‍ 22) ജോഷ് ഹേസൽവുഡ് മടക്കിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 70 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. സീസണില്‍ ഡല്‍ഹി നേടുന്ന ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. തുടര്‍ന്നെത്തിയ മിച്ചല്‍ മാര്‍ഷിനൊപ്പം ചേന്ന് സാള്‍ട്ട് ആക്രമിച്ചതോടെ ഡല്‍ഹി സ്‌കോര്‍ കുതിച്ചു.

ഒമ്പതാം ഓവറില്‍ സാള്‍ട്ട് അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ ഡല്‍ഹിയും 100 റണ്‍സ് കടന്നു. 28 പന്തുകളില്‍ നിന്നാണ് സാള്‍ട്ട് 50 കടന്നത്. 11-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് ബാംഗ്ലൂര്‍ ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. മിച്ചല്‍ മാര്‍ഷിനെ (17 പന്തില്‍ 26) ഹര്‍ഷല്‍ പട്ടേല്‍ മഹിപാലിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ സാള്‍ട്ടും മാര്‍ഷും ചേര്‍ന്ന് 59 റണ്‍സാണ് നേടിയത്. വാനിന്ദു ഹസരംഗ എറിഞ്ഞ 12-ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് സാള്‍ട്ടിനും നാലാം നമ്പറിലെത്തിയ റിലീ റോസോയ്‌ക്കും നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 13-ാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷലിനെതിരെ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് നേടിയ ഇരുവരും ക്ഷീണം തീര്‍ത്തു. ഇതോടെ ഡല്‍ഹി 150ല്‍ എത്തുകയും ചെയ്‌തു.

16-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സാള്‍ട്ട് മടങ്ങുമ്പോള്‍ വിജയത്തിന് തൊട്ടടുത്തായിരുന്നു ഡല്‍ഹി. 45 പന്തില്‍ എട്ട് ഫോറുകളും ആറ് സിക്‌സും സഹിതം 87 റണ്‍സടിച്ച സാള്‍ട്ടിനെ കർൺ ശർമ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ അക്‌സര്‍ പട്ടേലിനൊപ്പം (3 പന്തില്‍ 8) ചേര്‍ന്ന റൂസോ ഡല്‍ഹിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സ് നേടിയത്. ബാംഗ്ലൂരിനായി മഹിപാല്‍ ലോംറോറും വിരാട് കോലിയും അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും തിളങ്ങി.

46 പന്തില്‍ 55 റണ്‍സെടുത്ത കോലിയാണ് ടീമിന്‍റെ ടോപ്‌ സ്‌കോറര്‍. മഹിപാല്‍ 29 പന്തില്‍ 54* റണ്‍സുമായി പുറത്താവാതെ നിന്നു. 32 പന്തില്‍ 45 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. പതിഞ്ഞ തുടക്കമായിരുന്നു ബാംഗ്ലൂരിന്‍റേത്. ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ആദ്യ നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് ടീം ടോട്ടലില്‍ ചേര്‍ത്തത്.

അഞ്ചാം ഓവറില്‍ മുകേഷ് കുമാറിനെതിരെ മൂന്ന് ബൗണ്ടറികള്‍ സഹിതം 13 റണ്‍സടിച്ച ഡുപ്ലെസിസ് പതിയെ ഗിയര്‍ മാറ്റി. തൊട്ടടുത്ത ഓവറില്‍ ഖലീല്‍ അഹമ്മദ് 15 റണ്‍സും വഴങ്ങിയതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 51 റണ്‍സ് എന്ന നിലയിലെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞു. 11-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഡുപ്ലെസിസിനെ തിരിച്ച് കയറ്റിക്കൊണ്ട് മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.

മിച്ചല്‍ മാര്‍ഷിനെതിരെ സിക്‌സര്‍ നേടാനുള്ള ബാംഗ്ലൂര്‍ ക്യാപ്റ്റന്‍റെ ശ്രമം അക്‌സര്‍ പട്ടേലിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 82 റണ്‍സാണ് കോലി-ഫാഫ് സഖ്യം നേടിയത്. മൂന്നാം നമ്പറിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഗോള്‍ഡന്‍ ഡക്കായത് ബാംഗ്ലൂരിന് കനത്ത പ്രഹരമായി.

മാക്‌സ്‌വെല്ലിനെ ഫിലിപ്പ് സാള്‍ട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച മഹിപാൽ ലോംറോറും കോലിയും ചേര്‍ന്ന് 13-ാം ഓവറില്‍ ബാംഗ്ലൂരിനെ 100 റണ്‍സ് കടത്തി. കോലി നങ്കൂരമിട്ട് കളിച്ചപ്പോള്‍ മഹിപാലാണ് റണ്‍റേറ്റ് താഴാതെ സൂക്ഷിച്ചത്.

15-ാം ഓവറില്‍ കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സീസണില്‍ താരം നേടുന്ന ആറാം അര്‍ധ സെഞ്ചുറിയാണിത്. പക്ഷെ തൊട്ടടുത്ത ഓവറില്‍ കോലിയെ മുകേഷ്‌ കുമാര്‍ മടക്കി. മൂന്നാം വിക്കറ്റില്‍ കോലി-മഹിപാല്‍ സഖ്യം 55 റണ്‍സാണ് ചേര്‍ത്തത്.

പിന്നീടെത്തിയ ദിനേശ്‌ കാര്‍ത്തികിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ 19-ാം ഓവറില്‍ മഹിപാല്‍ അര്‍ധ സെഞ്ചുറിയിലെത്തി. അന്‍പതിലെത്താന്‍ 26 പന്തുകള്‍ മാത്രമാണ് താരത്തിന് വേണ്ടിവന്നത്. ഇഷാന്ത് ശര്‍മ എറിഞ്ഞ 20-ാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ദിനേഷ് കാര്‍ത്തികിനെ (9 പന്തില്‍ 11) സംഘത്തിന് നഷ്‌ടമായി.

പിന്നീടെത്തിയ അനൂജ് റാവത്ത് നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ കണ്ടെത്തി. എന്നാല്‍ തുടര്‍ന്ന് വമ്പനടികള്‍ നടത്താന്‍ കഴിയാതിരുന്നത് ഡല്‍ഹിക്ക് ഏറെ ആശ്വാസമായി. മഹിപാലിനൊപ്പം അനൂജും (3 പന്തില്‍ 8*) പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ALSO READ: IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ

ABOUT THE AUTHOR

...view details