ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിൽ രാജകീയമായി ഫൈനലിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റണ്‍സിന് മലർത്തിയടിച്ചുകൊണ്ടാണ് ചെന്നൈ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ചെപ്പോക്കിൽ ചെന്നൈയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 157 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. 14 സീസണുകളിൽ നിന്നായി ചെന്നൈയുടെ പത്താമത്തെ ഫൈനലാണിത്.
ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന ചെപ്പോക്കിൽ ചെന്നൈയുടെ 173 റണ്‍സ് എന്ന വിജയലക്ഷ്യം അനായാസം പിന്തുടരാം എന്ന പ്രതീക്ഷയോടെ തന്നെയാണ് ഗുജറാത്ത് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ഗുജറാത്തിനായി ഓപ്പണ്‍ ചെയ്യാനെത്തിയ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേർന്ന് ആദ്യ ഓവറുകളിൽ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ മൂന്നാമത്തെ ഓവറിലെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹയെ മടക്കി ദീപക് ചഹാര്‍ ചെന്നൈയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
മതീഷ പതിരാനയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 11 പന്തില്‍ രണ്ട് ബൗണ്ടറികളുമായി 12 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. തൊട്ടുപിന്നാലെ ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ നേരിട്ടിറങ്ങി. അനാവശ്യമായി കൂറ്റനടികളിലേക്ക് നീങ്ങി വിക്കറ്റ് പാഴാക്കാതെ സൂക്ഷ്‌മതയോടെ തന്നെയായിരുന്നു ഹാര്‍ദികിന്‍റെ ബാറ്റിങ്. എന്നാൽ ആറാമത്തെ ഓവറിലെ അവസാന പന്തിൽ ഹാര്‍ദിക്കിനെ മടക്കി ദീപക് ചഹാര്‍ ചെന്നൈയ്‌ക്ക് വലിയ തലവേദന ഒഴിവാക്കി.
നിലയുറപ്പിച്ച് ഗിൽ: ഏഴ് പന്തില്‍ എട്ട് റണ്‍സ് മാത്രം ചേര്‍ത്താണ് ഗുജറാത്ത് നായകൻ മടങ്ങിയത്. തൊട്ടുപിന്നാലെ ദസുൻ ഷനക എത്തി തകര്‍ത്തടിക്കാന്‍ ശ്രമം തുടര്‍ന്നുവെങ്കിലും രവീന്ദ്ര ജഡേജ അവിടെ ചെന്നൈയുടെ രക്ഷകനായെത്തി. 16 പന്തില്‍ 17 റണ്‍സ് മാത്രം നേടിയ ഷനകയെ ജഡേജ തീക്ഷണയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് ഗിൽ ഗുജറാത്തിന് പ്രതീക്ഷ നൽകി നിലയുറപ്പിച്ച് കളിക്കുന്നുണ്ടായിരുന്നു.
ഷനകയ്‌ക്ക് പിന്നാലെയെത്തിയ ഡേവിഡ് മില്ലർക്കും അധിക ആയുസ് ഉണ്ടായിരുന്നില്ല. വെറും നാല് റണ്‍സ് മാത്രം നേടിയ താരത്തെ രവീന്ദ്ര ജഡേജ തകർപ്പനൊരു പന്തിലൂടെ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ഇംപാക്‌ട് പ്ലെയറായി വിജയ് ശങ്കർ ക്രീസിലെത്തി. ഇതിനിടെ ചെന്നൈ കാത്തിരുന്ന ആ വിക്കറ്റും വീണു. ടീമിനെ ഒറ്റയ്‌ക്ക് ജയിപ്പിക്കുമെന്ന് തോന്നിച്ച ശുഭ്‌മാൻ ഗില്ലിനെ (38 പന്തിൽ 42 റണ്‍സ്) ദീപക് ചഹാർ കോണ്‍വെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.