മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴു വിക്കറ്റിന്‍റെ ഗംഭീര ജയം. മുംബൈ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ബാംഗ്ലൂർ മറികടന്നു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. സ്കോര്‍; മുംബൈ 151-6 (20 over), ബാംഗ്ലൂർ 152-3 (18.3 over)
ഓപ്പണർ അനൂജ് റാവത്തിന്‍റെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂർ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. അനുജ് റാവത്ത് 47 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ കോലി 36 പന്തില്‍ 48 റണ്‍സെടുത്തു. നാലു കളികളില്‍ നാലും തോറ്റ് മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ നാലു കളികളില്‍ മൂന്നാം ജയവുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 151 റണ്‍സെടുത്തത്. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് മുംബൈക്ക് കരുത്തായത്. 37 പന്തില്‍ 68 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. 14 പന്തില്‍ 13 റണ്‍സെടുത്ത ജയദേവ് ഉനദ്ഘട്ടുമൊത്ത് ഏഴാം വിക്കറ്റില്‍ സൂര്യകുമാര്‍ 62 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ 50 രോഹിതും ഇഷാന്‍ കിഷനും ചേര്‍ന്ന് 50 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പിന്നീട് മുബൈ തകര്‍ന്നടിഞ്ഞു. ബാഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേലും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.
ALSO READ:തകര്‍ത്താടി അഭിഷേക് ; ഹൈദരാബാദിന് ആദ്യ ജയം, ചെന്നൈക്ക് തുടര്‍ച്ചയായ നാലാം തോല്‍വി
152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂരിന് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി - അനുജ് റാവത്ത് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്കോർ 50 ൽ നിൽക്കെ 16 റൺസെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെ ജയ്ദേവ് ഉനദ്ഘട്ട് പുറത്താക്കി. പിന്നാലെ ക്രീസില്‍ ഒന്നിച്ച കോലി - റാവത്ത് സഖ്യം മുംബൈയില്‍ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു.
സ്കോർ 130 ൽ നിൽക്കെയാണ് ബാംഗ്ലൂരിന്‍റെ രണ്ടാം വിക്കറ്റ് വീഴ്ത്താൻ മുംബൈയ്ക്കു സാധിച്ചത്. അനൂജ് റാവത്തിനെ രമൺദീപ് സിങ് റണ്ണൗട്ടാക്കുകയായിരുന്നു. 47 പന്തുകള്‍ നേരിട്ട അനൂജ് റാവത്ത് 66 റൺസുമായാണു മടങ്ങിയത്. അർധസെഞ്ചുറിക്കരികെ 48 റൺസിൽ കോലിയെ യുവസ്‌പിന്നർ ഡെവാൾഡ് ബ്രെവിസ് എൽബിയിൽ കുടുക്കി. ഇരുവരും പുറത്തായ ശേഷം ദിനേഷ് കാര്‍ത്തിക്കും (7*) ഗ്ലെന്‍ മാക്‌സ്‌വെല്ലും (8*) ചേര്‍ന്ന് ബാംഗ്ലൂരിന് ജയമൊരുക്കി.