മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 223 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലറിന്‍റെ സെഞ്ച്വറി മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 222 റണ്‍സ് എന്ന കൂറ്റൻ സ്‌കോർ നേടുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ദേവ്‌ദത്ത് പടിക്കലും, അവസാന ഓവറുകളിൽ തകർത്തടിച്ച നായകൻ സഞ്ജു സാംസണും സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ശരിക്കും ബട്‌ലർ ഷോ:ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ഓപ്പണർമാരായ ജോസ് ബട്‌ലറും ദേവദത്ത് പടിക്കലും ചേർന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 155 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു.
65 പന്തിൽ ഒൻപത് വീതം ഫോറും സിക്‌സും പായിച്ചാണ് ബട്‌ലർ ഈ സീസണ്‍ ഐപിഎല്ലിലെ തന്‍റെ മൂന്നാമത്തെ സെഞ്ച്വറി സ്വന്തമാക്കിയത്. 15-ാം ഓവറിൽ ടീം സ്കോർ 155ൽ നിൽക്കെ ഖലീൽ അഹമ്മദാണ് രാജസ്ഥാന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. 35പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 54 റണ്‍സെടുത്ത പടിക്കലിനെ ഖലീൽ എൽബിയിൽ കുരുക്കുകയായിരുന്നു.
എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ സഞ്ജു സാംസണ്‍ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇതിനിടെ ബട്‌ലർ തന്‍റെ സെഞ്ച്വറിയും പൂർത്തിയാക്കി. 18-ാം ഓവറിൽ ടീം സ്കോർ 202ൽ നിൽക്കെയാണ് ബട്‌ലറെ രാജസ്ഥാന് നഷ്‌ടപ്പെട്ടും. മുസ്‌തഫിസുർ റഹ്മാന്‍റെ പന്തിൽ വാർണർക്ക് ക്യാച്ച് നൽകുകയായിരുന്നു താരം.
പിന്നാലെയെത്തിയെ ഹെറ്റ്‌മെയറെ കൂട്ടുപിടിച്ച് സഞ്ജു സ്‌കോർ വേഗത്തിൽ ഉയർത്തി. 19 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെ 46 റണ്‍സുമായി സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു. ഡൽഹിക്കായി ഖലീൽ അഹമ്മദ്, മുസ്‌തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.