മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിങ്സ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രാത്രി 7.30ന് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ പഞ്ചാബിന്‍റെ താരങ്ങളായ കെഎൽ രാഹുലും മായങ്ക് അഗർവാളും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് നാല് വീതം ജയവും തോൽവിയുമായി പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ 10 പോയിന്‍റുമായി പട്ടികയിൽ നാലാം സ്ഥാനത്തുള്ള ലഖ്‌നൗ വിജയത്തോടെ മുന്നിലേക്ക് കയറാനാകും ശ്രമിക്കുക.
മുന്നിൽ നിന്ന് നയിക്കുന്ന നായകൻ കെഎൽ രാഹുലാണ് ലഖ്‌നൗവിന്‍റെ ഏറ്റവും വലിയ കരുത്ത്. റണ്‍വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള രാഹുലിനെ തളയ്‌ക്കുക എന്നതാകും പഞ്ചാബ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കൂടാതെ ദീപക് ഹൂഡ, മാർക്ക് സ്റ്റോയിൻസ്, ക്രുണാൽ പാണ്ഡ്യ, ജേസൻ ഹോൾഡർ തുടങ്ങിയ താരങ്ങളും ലഖ്‌നൗവിന് കരുത്തേകും.
അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയ ആത്‌മവിശ്വാസത്തോടെയാണ് പഞ്ചാബ് കിങ്സ് ഇന്നത്തെ മത്സരത്തിനെത്തുന്നത്. ശിഖാർ ധവാനും നായകൻ മായങ്ക് അഗർവാളുമാണ് ടീമിന്‍റെ ബാറ്റിങ് കരുത്ത്. ലിയാം ലിവിങ്സ്റ്റണ്‍, ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ എന്നിവർ ഫോമിലായാൽ ലഖ്‌നൗ ബോളർമാർ വിയർക്കും. കാസിഗോ റബാഡ, അർഷദീപ് സിങ് എന്നിവരുടെ നയിക്കുന്ന ബോളിങ് യൂണിറ്റും മികച്ച ഫോമിലാണ്.