മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. എട്ട് വിക്കറ്റിന്‍റെ കൂറ്റൻ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിന്‍റെ 144 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 16 ഓവറിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. ജയത്തോടെ പഞ്ചാബ് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.
വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർ ജോണി ബെയർസ്റ്റോയെ(1) രണ്ടാം ഓവറിൽ തന്നെ നഷ്‌ടപ്പെട്ടു. എന്നാൽ ശിഖാർ ധവാനും(62), ഭാനുക രാജപക്‌സെ(40) എന്നിവർ ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് 87 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തുടർന്ന് ടീം സ്‌കോർ 97ൽ നിൽക്കെ രാജപക്‌സെ പുറത്തായി.