മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്നത്തെ മത്സരത്തിനെത്തുന്നത്. പഞ്ചാബിൽ സന്ദീപ് ശര്‍മ്മയ്‌ക്ക് പകരം കാഗിസോ റബാഡ അരങ്ങേറ്റം കുറിക്കുമ്പോൾ കൊൽക്കത്ത ഷെല്‍ഡന്‍ ജാക്‌സന് പകരം ശിവം മാവിയെ ഉൾപ്പെടുത്തി.
ആദ്യ മത്സത്തിൽ ബാംഗ്ലൂരിനെതിരെ 200ന് മുകളിലുള്ള സ്‌കോർ പിന്തുടർന്ന് ജയിച്ച ആത്‌മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്നെത്തുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ ചെന്നൈയോട് തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തിൽ ആർസിബിയോടേറ്റ തോൽവിയുടെ ക്ഷീണമകറ്റാനാകും കൊൽക്കത്തയുടെ ശ്രമം.
29 തവണ ഇരുടീമുകളും നേർക്കുനേർ പോരാടിയപ്പോൾ 19 തവണയും കൊൽക്കത്തക്കൊപ്പമായിരുന്നു വിജയം. 10 മത്സരത്തിൽ പഞ്ചാബ് കിങ്സും വിജയിച്ചു. കണക്കുകൾ പ്രകാരം കൊൽക്കത്തക്കാണ് മുൻതൂക്കമെങ്കിലും താര ലേലത്തിലൂടെ അടിമുടി മാറ്റവുമായെത്തുന്ന പഞ്ചാബിനെ കീഴടക്കുക എന്നത് കൊൽക്കത്തയ്‌ക്ക് നിസാരമായിരിക്കില്ല.