മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റ് ചെയ്‌ത ചെന്നൈയുടെ 134 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്. 57 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിനെ അനായാസ ജയത്തിലെത്തിച്ചത്.
134 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് ഓപ്പണറായ സാഹ മികച്ച തുടക്കമാണ് നൽകിയത്. ശുഭ്‌മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച സാഹ സ്‌കോർ 50 കടത്തി. ഇതിനിടെ എട്ടാം ഓവറിലെ ആദ്യ പന്തിൽ 18 റൺസുമായി ഗിൽ മടങ്ങി.
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്‌ഡും (20) മികച്ച രീതിയിൽ ബാറ്റിങ്ങ് തുടങ്ങിയെങ്കിലും മൊയീൻ അലിയുടെ പന്തിൽ ശിവം ദുബെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കളിയുടെ ഗതിക്ക് വിപരീതമായി ഏഴ് റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയെയും ഗുജറാത്തിന് നഷ്‌ടപ്പെട്ടു. വിക്കറ്റ് നഷ്‌ടപ്പെടുത്താതെ പിച്ചിന്‍റെ വേഗക്കുറവ് മനസിലാക്കി നിലയുറപ്പിച്ച് സാഹയും മില്ലറും ചേർന്ന് ഗുജറാത്തിനെ ജയത്തിലെത്തിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റിന് 133 റൺസെടുത്തു. 49 പന്തില്‍ 53 റണ്‍സ് നേടിയ റിതുരാജ് ഗെയ്‌ക്വാദാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാരായണ്‍ ജഗദീഷന്‍ (33 പന്തില്‍ 39), മൊയീന്‍ അലി (17 പന്തില്‍ 21) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടയ്‌ക്കാനായത്. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മത്സരങ്ങളില്‍ 20 പോയിന്‍റായി പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്‍റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്. ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ ഒൻപതാം തോൽവിയാണിത്.