മുംബൈ :ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്‌കോർ. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 189 റണ്‍സ് നേടി. അർധസെഞ്ച്വറി നേടിയ ലിയാം ലിവിങ്സ്റ്റന്‍റെ ബാറ്റിങ് മികവിലാണ് പഞ്ചാബ് മികച്ച സ്‌കോർ കണ്ടെത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ മായങ്ക് അഗർവാൾ(5) രണ്ടാം ഓവറിൽ തന്നെ പുറത്തായി. പിന്നാലെയെത്തിയ ജോണി ബെയർസ്റ്റോയും (8) പെട്ടെന്ന് തന്നെ കൂടാരം കയറി. എന്നാൽ പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ ശിഖർ ധവാനെ കൂട്ടുപിടിച്ച് നിലയുറപ്പിച്ചതോടെ പഞ്ചാബിന്‍റെ സ്‌കോർ ഉയർന്നു.
ടീം സ്‌കോർ 86 നിൽക്കെ ശിഖർ ധവാനെ(35) പഞ്ചാബിന് നഷ്‌ടമായി. തുടർന്നെത്തിയ ജിതേഷ് ശർമ മികച്ച രീതിയിൽ തന്നെ ബാറ്റ് വീശി. ഇതിനിടെ ലിവിങ്‌സ്റ്റണ്‍- ജിതേഷ് സഖ്യം ടീം സ്‌കോർ 100 കടത്തി. ടീം സ്‌കോർ 124ൽ നിൽക്കെ ജിതേഷ് ശർമയെ പഞ്ചാബിന് നഷ്‌ടമായി. തുടർന്നെത്തിയ ഒഡ്‌യൻ സ്‌മിത്ത്(0) നിലയുറപ്പിക്കും മുന്നേ മടങ്ങി.
ഇതിനിടെ ടീം സ്‌കോർ 153ൽ നിൽക്കെ ലിവിങ്സ്റ്റണും മടങ്ങി. 27 പന്തിൽ നിന്ന് നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പടെ 64 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ഷാരൂഖ് ഖാൻ(15), വൈഭവ് അറോറ(2) എന്നിവരും പുറത്തായി. അവസാന വിക്കറ്റിൽ ഒന്നിച്ച രാഹുൽ ചാഹർ(22), അർഷദീപ് സിങ്(10) എന്നിവർ സ്‌കോർ ഉയർത്തുന്നതിൽ നിർണായ പങ്ക് വഹിച്ചു.
പഞ്ചാബിനായി റാഷിദ് ഖാൻ മൂന്ന് വിക്കറ്റും ദർശൻ നൽകണ്ടെ രണ്ട് വിക്കറ്റും വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റും നേടി.