അഹമ്മദാബാദ്: 2008-ൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ റോയൽസ് സ്വന്തമാക്കിയിട്ട് 14 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യ കിരീടം നേടിയത് മുതൽ 15-ാം സീസണിൽ മലയാളി നായകൻ സഞ്ജു സാംസണു കീഴിൽ ഫൈനലിലിടം പിടിച്ചത് വരെ ടീമിൽ നിരവധി മാറ്റങ്ങളാണുണ്ടായത്. ഷെയ്ൻ വോണിന്‍റെ കീഴിൽ രാജസ്ഥാൻ റോയൽസിന്‍റെ ആദ്യ ഐപിഎൽ വിജയത്തിലെ 10 മഹത്തായ നിമിഷങ്ങൾ പുനരാവിഷ്‌കരിക്കുമ്പോൾ ചരിത്രത്തിലേക്കും ഗൃഹാതുരത്വത്തിലേക്കും ഒരു തിരിച്ചുപോക്കാണിത്..
- ലോകത്തെ ഏറ്റവും വലിയ ടി-20 ടൂർണമെന്‍റായ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രഥമകിരീടത്തിലേക്ക് രാജസ്ഥാൻ റോയൽസിനെ നയിച്ചത് ഓസ്‌ട്രേലിയൻ സ്‌പിൻ മാന്ത്രികനായ ഷെയ്ൻ വോണായിരന്നു. അദ്ദേഹത്തിന്‍റെ മികച്ച ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന് കിരീടത്തലേക്കുള്ള വഴിവെട്ടിയത്. തങ്ങളുടെ ആദ്യ ഐപിഎൽ മത്സരത്തിൽ 9 വിക്കറ്റിന് തോറ്റുതുടങ്ങിയ രാജസ്ഥാൻ റോയൽസ് പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കിരീടം നേടിയത്.
- മാൻ ഓഫ് ദി സീരീസ്; ഇന്‍റർനാഷണൽ ക്രിക്കറ്റിലെ തന്‍റെ മികച്ച പ്രകടനം ഐപിഎല്ലിന്‍റെ ആദ്യ പതിപ്പിലും തുടർന്ന ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ രാജസ്ഥാനായി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 15 കളികളിൽ നിന്ന് 472 റൺസും 17 വിക്കറ്റും നേടിയ ഷെയ്ൻ വാട്‌സൺ പ്രഥമസീസണിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കി.
- ആദ്യ പർപ്പിൾ ക്യാപ്പ് സൊഹൈൽ തൻവീറിന്; ആദ്യ ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. ടീം അവരുടെ ബാറ്റിംഗ് മികവിനെ മാത്രമല്ല, അവരുടെ ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിനെയും വളരെയധികം ആശ്രയിക്കുകയും അതിനനുസരിച്ച് ബൗളർമാർ നല്ല പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു. റോയൽസ് നിരയിൽ ഒഴിച്ചുകൂടാനാകാത്ത താരങ്ങളിൽ ഒരാളായിരുന്നു പാകിസ്ഥാൻ മീഡിയം പേസർ സൊഹൈൽ തൻവീർ. 11 മത്സരങ്ങളിലായി 22 വിക്കറ്റ് നേടിയ സൊഹൈലാണ് കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പിന് അർഹനായത്.
- പ്ലെയർ ഓഫ് ദി ഫൈനൽ - യൂസഫ് പഠാൻ; ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഫൈനലിൽ തിളക്കമാർന്ന പ്രകടനത്തോടെ രാജസ്ഥാന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് യൂസഫ് പഠാനായിരുന്നു. വെറും 39 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം 39 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ പ്രകടനം പ്ലെയർ ഓഫ് ദി ഫൈനൽസ് പുരസ്‌കാരത്തിന് അർഹനാക്കി.
- ഐപിഎൽ നേടിയ ഒരേയൊരു കോച്ചും ക്യാപ്റ്റനും ഷെയ്ൻ വോൺ; ഐപിഎല്ലിലെ പ്രഥമകിരീടം സ്വന്തമാക്കിയതിനൊപ്പം തന്റെ കരിയറിലെ വളരെ സവിശേഷമായ മറ്റൊരു നേട്ടവും സ്പിൻ മാന്ത്രികന് സ്വന്തമാണ്. ഐപിഎൽ ട്രോഫി ഉയർത്തിയ തന്റെ ടീമിന്റെ നായകനും പരിശീലകനും കൂടിയായിരുന്നു അദ്ദേഹം.
- ഒരു ടീം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് കിരീടം നേടുന്ന നിരവധി അവസരങ്ങളുണ്ട്. എന്നാൽ റോയൽസിന്‍റെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ 11 വിജയമടക്കം 22 പോയിന്‍റുമായി ഒന്നാമതയാണ് ലീഗ് ഫിനിഷ് ചെയതത്. ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ മറികടന്ന അവർ ചെന്നൈയ്‌ക്കെതിരായ ഫൈനലിൽ മൂന്ന് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി.
- ഐപിഎൽ ചരിത്രത്തിൽ 6 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ- സൊഹൈൽ തൻവീറിന് രാജസ്ഥാനിൽ ശ്രദ്ധേയമായ സീസണായിരുന്നു. ആദ്യ പർപ്പിൾ ക്യാപ്പ് ജേതാവായ സൊഹൈൽ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിൽ ഒരു കളിയിൽ 6 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിലാണ് 14 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയത്.
- ഐപിഎൽ 2008-ലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി- യൂസഫ് പഠാൻ - ഐപിഎൽ 2008-ൽ തന്‍റെ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ യൂസഫ് പത്താൻ അന്താരാഷ്‌ട്ര തലത്തിലും തന്‍റെ മികവ് തുടർന്നു. ഡൽഹി ഡെയർഡെവിൾസിനെതിരെ വെറും 21 പന്തിൽ മികച്ച അർദ്ധസെഞ്ചുറി നേടിയതോടെയാണ് ടൂർണമെന്‍റിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തമാക്കിയത്.
- ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നറായി ഷെയ്ൻ വോൺ - സ്‌പിൻ ബൗളിംഗ് ഒരു കലയാണ്. എന്നാൽ ട്വന്‍റി-20 ക്രിക്കറ്റിൽ പലപ്പോഴും ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്നതും സ്‌പിന്നർമാരാണ്. പക്ഷേ, ഷെയ്ൻ വോൺ കന്നി സീസണിൽ 19 വിക്കറ്റ് വീഴ്ത്തി, ആ സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്‌പിന്നർ എന്ന നേട്ടം സ്വന്തമാക്കി. വോണിനെക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയത് രാജസ്ഥാനിൽ സഹതാരമായിരുന്ന ഫാസ്റ്റ് ബൗളറായ സൊഹൈൽ തൻവീർ മാത്രമാണ്.
- ഹല്ല ബോൾ ഗാനം- ആദ്യ സീസണിൽ കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്‌ത ടീം ഗാനങ്ങൾ കൊണ്ടുവന്നിരുന്നു. രാജസ്ഥാൻ റോയൽസും അവരുടേതായ 'ഹല്ല ബോൾ' ഗാനം കൊണ്ടുവന്നു. രാജസ്ഥാനി ഗായിക ഇല അരുണിന്‍റെ വരികൾക്കൊപ്പം നൃത്തച്ചുവടുകളുമായി ബോളിവുഡ് നടിയും സഹ ഉടമയുമായ ശിൽപ ഷെട്ടിയും വന്നതോടെ ഗാനം രാജസ്ഥാൻ ആരാധകർക്കിടയിൽ ഹിറ്റായി.