മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 21തകർത്ത് ഡൽഹി ക്യാപ്പിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 186 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഹൈദരാബാദ് നിരയിൽ നിക്കോളാസ് പുരാനും, എയ്‌ഡൻ മാർക്രത്തിനും മാത്രമേ തിളങ്ങാനായുള്ളു. വിജയത്തോടെ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്ന ഡൽഹി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ അഭിഷേക് ശർമ(7), നായകൻ കെയ്‌ൻ വില്യംസണ്‍(4) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. തുടർന്നെത്തിയ രാഹുൽ ത്രിപാഠിയും(22) വളരെ പെട്ടന്ന് തന്നെ മടങ്ങി. ഇതോടെ ആറ് ഓവറിൽ 37 റണ്‍സിന് 3 എന്ന നിലയിലായി സണ്‍റൈസേഴ്‌സ്.
എന്നാൽ പിന്നീടെത്തിയ എയ്‌ഡൻ മാർക്രം- നിക്കോളാസ് പുരാൻ സഖ്യം സ്‌കോർ ഉയർത്തി. തകർപ്പൻ അടികളോടെ കളം നിറഞ്ഞ ഇരുവരും ഡൽഹി ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. എന്നാൽ ടീം സ്‌കോർ 97ൽ നിൽക്കെ മാർക്രം വീണു. 25 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും ഉൾപ്പെടെ 42 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ശശാങ്ക് സിങ്(10), സീൻ അബോട്ട്(7), കാർത്തിക് ത്യാഗി(9) എന്നിവരും വളരെ വേഗം മടങ്ങി.
ഇതിനിടെ ഒരു വശത്ത് തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞിരുന്ന നിക്കോളാസ് പുരാനും പുറത്തായി. 34 പന്തിൽ ആറ് സിക്‌സുകളുടേയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 62 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ശ്രേയസ് ഗോപാൽ(9), ഭുവനേശ്വർ കുമാർ(5) എന്നിവർ പുറത്താകാതെ നിന്നു. ഡൽഹിക്കായി ഖലീൽ അഹമ്മദ് മുന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റ് നേടി. ആൻറിച്ച് നോർക്യ, മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി ക്യാപ്പിറ്റൽസ് അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഡേവിഡ് വാർണറിന്‍റെയും റോവ്‌മാൻ പവലിന്‍റെയും തകർപ്പൻ പ്രകടനത്തിലൂടെയാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 122 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വാര്‍ണര്‍ 58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 92 റണ്‍സെടുത്തപ്പോള്‍, 35 പന്തില്‍ മൂന്ന് ഫോറും അറ് സിക്‌സും പറത്തിയ പവല്‍ 67 റണ്‍സ് അടിച്ചുകൂട്ടി.