ചെന്നൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗന്‍ ഇത്തവണ കൊല്‍ക്കത്തയുടെ മുഴുവന്‍ സമയ നായകനായി എത്തുകയാണ്, ഐപിഎല്‍ പതിനാലാം പതിപ്പിനായി. ചെന്നൈയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആദ്യ എതിരാളികള്‍. ഇരു ടീമുകള്‍ക്കും സീസണിലെ ആദ്യ പോരാട്ടമാണിത്. മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് എത്തുന്ന കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് ശൈലിയുടെ ആശാനായ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദിനും പ്രതീക്ഷകള്‍ ഏറെയാണ്.
ആറ് മാസം മുമ്പ് യുഎഇയില്‍ നടന്ന പതിമൂന്നാം സീസണിലെ മോശം ഓര്‍മകള്‍ കൊല്‍ക്കത്തയെ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ അഞ്ചാമതായാണ് കൊല്‍ക്കത്ത കളി അവസാനിപ്പിച്ചത്. ആ കുറവ് ഇത്തവണ നികത്തുകയാണ് വെല്ലുവിളി. പതിനാലാം സീസണിന് മുന്നോടിയായി നടന്ന മിനി താര ലേലത്തിലൂടെ വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെ എട്ട് പേരെ കൊല്‍ക്കത്ത തങ്ങളുടെ പാളയത്തിലെത്തിച്ചതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. അതേസമയം കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയവര്‍ ഇത്തവണയില്ല. അതിനാല്‍ തന്നെ ശുഭ്‌മാന്‍ ഗില്ലിനൊപ്പം പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ കണ്ടെത്തേണ്ടി വരും. രാഹുല്‍ ത്രിപാഠിയെയോ വിദേശ ഓള്‍ റൗണ്ടര്‍മാരില്‍ ആരെങ്കിലുമൊരാളെയോ ഓപ്പണറായി പരീക്ഷിച്ചേക്കും. വണ്‍ ഡൗണായി നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഇറങ്ങിയാല്‍ അത്‌ഭുതപ്പെടേണ്ടതില്ല. അല്ലാത്ത പക്ഷം രാഹുല്‍ ത്രിപാഠിക്കാകും നറുക്ക് വീഴുക.
മധ്യനിരയില്‍ കരുത്തുറ്റ ടീമാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്‌ന്‍, ആന്‍ഡ്രൂ റസല്‍, ശിവം മാവി, ഇത്തവണ 3.20 കോടിക്ക് സ്വന്തമാക്കിയ ബാംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍സഹന്‍ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്. പേസ് ആക്രമണങ്ങള്‍ക്ക് ഓസസ് താരം പാറ്റ് കമ്മിന്‍സ് നേതൃത്വം കൊടുക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ഗംഭീര അരങ്ങേറ്റം നടത്തിയ പ്രസിദ്ധ് കൃഷ്‌ണയും മീഡിയം പേസര്‍ വൈഭവ് അറോറയും കരുത്താകും. കുല്‍ദീപ് യാദവിന്‍റെ നേതൃത്വത്തിലുള്ള സ്‌പിന്‍ തന്ത്രങ്ങള്‍ക്ക് ഇത്തവണ വെറ്ററന്‍ ഹര്‍ഭജന്‍ സിങ്ങിന്‍റെ പിന്തുണ കൂടിയുണ്ട്. ചെന്നൈയിലെ വേഗത കുറഞ്ഞ പിച്ചില്‍ കൂടുതല്‍ സ്‌പിന്നര്‍മാരെ ഇരുടീമുകളും പരീക്ഷിക്കാനാണ് സാധ്യത.