കേരളം

kerala

ETV Bharat / sports

കെകെആറിനായി റാണയുടെ 'തകര്‍പ്പന്‍ ഫിഫ്‌റ്റി'; ഹൈദരാബാദിന് ജയിക്കാന്‍ 188 റണ്‍സ്

ഓപ്പണര്‍ നിതീഷ് റാണയും വണ്‍ ഡൗണായി ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ചേര്‍ന്നുണ്ടാക്കിയ 93 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

IPL 2021 match 3  IPL 2021 match today  IPL 2021  IPL 2021 live updates  ഐപിൽ 2021  ഐപിൽ 2021 ലൈവ് അപ്‌ഡേറ്റ്സ്  ഐപിഎൽ 2021 മാച്ച് 3  ഐപിഎൽ 2021 മാച്ച് ടുഡെ
ത്രിപാഠി, റാണ

By

Published : Apr 11, 2021, 9:30 PM IST

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 188 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ശക്തമായ സ്‌കോര്‍ സ്വന്തമാക്കിയത്.

മധ്യനിരയില്‍ നിന്നും സീസണ്‍ ആദ്യം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ നിതീഷ് റാണയുടെ കരുത്തിലായിരുന്നു കൊല്‍ക്കത്തയുടെ മുന്നേറ്റം. 56 പന്തില്‍ നാല് സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടെ 80 റണ്‍സാണ് റാണ അടിച്ച് കൂട്ടിയത്.

ഓപ്പണിങ് കൂട്ടുകെട്ടില്‍ ശുഭ്‌മാന്‍ ഗില്ലുമായി ചേര്‍ന്ന് റാണ 53 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഏഴാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ റാഷിദ് ഖാന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ കറക്കി വീഴ്‌ത്തിയത് കൊല്‍ക്കത്തയുടെ പാളയത്തില്‍ ആശങ്കയുണ്ടാക്കി. റാഷിദ് ഖാന്‍റെ പന്തില്‍ ബൗള്‍ഡായാണ് ഗില്‍ പുറത്തായത്.

പിന്നാലെ ഓപ്പണര്‍ നിതീഷ് റാണയും വണ്‍ ഡൗണായി ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സാണ് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. 50 പന്തില്‍ നിന്നായിരുന്നു ഇരുവരുടെയും നേട്ടം. നടരാജനെറിഞ്ഞ പതിനാറാമത്തെ ഓവറില്‍ സാഹക്ക് ക്യാച്ച് വഴങ്ങി ത്രിപാഠി പുറത്താകുമ്പോള്‍ സ്‌കോര്‍ 146ല്‍ എത്തിയിരുന്നു. 29 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സെടുത്താണ് ത്രിപാഠി പവലിയനിലേക്ക് മടങ്ങിയത്.

ആദ്യ പതിനഞ്ച് ഓവറില്‍ ഒരു വിക്കറ്റ് മാത്രം പോയപ്പോള്‍ തുടര്‍ന്നുള്ള അഞ്ച് ഓവറുകളില്‍ കൊല്‍ക്കത്തയുടെ അഞ്ച് വിക്കറ്റുകളാണ് ഹൈദരാബാദ് വീഴ്‌ത്തിയത്. നാലാമനായി ഇറങ്ങിയ ആന്ദ്രെ റസലിന് പക്ഷെ അധികം ആയുസുണ്ടായില്ല. റാഷിദ് ഖാന്‍റെ പന്തില്‍ മനീഷ് പാണ്ഡെക്ക് ക്യാച്ച് വഴങ്ങി കൂടാരം കയറുമ്പോള്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു റസലിന്‍റെ സമ്പാദ്യം. പിന്നാലെ മൂന്ന് പന്ത് മാത്രം നേരിട്ട് നായകന്‍ ഓയിന്‍ മോര്‍ഗനും കൂടാരം കയറി. അവസാനത്തെ പന്തില്‍ മൂന്ന് റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ഹസനും പവലിയനിലേക്ക് മടങ്ങി.

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ദിനേശ് കാര്‍ത്തിക്ക് 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒമ്പത് പന്തില്‍ ഒരു സിക്‌സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിങ്സ്.

സ്‌പിന്നര്‍മാരായ മുഹമ്മദ് നാബിയും റാഷിദ് ഖാനും ചേര്‍ന്ന് കൊല്‍ക്കത്തയുടെ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ABOUT THE AUTHOR

...view details