ദുബൈ : ഐപിഎല്ലിൽ കൊൽക്കത്തക്കെതിരെ പഞ്ചാബ് കിങ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഓപ്പണർ വെങ്കിടേഷ് അയ്യരുടെ അർധ സെഞ്ചുറി മികവിലാണ് 7 വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സ് നേടിയത്. പഞ്ചാബിനായി അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റുവീതം നേടി.
ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെയാണ് കൊൽക്കത്തക്ക് ആദ്യം നഷ്‌ടമായത്. ഏഴ് റണ്‍സ് നേടിയ താരത്തെ അർഷദീപ് സിങ് പുറത്താക്കുകയായിരുന്നു. പിന്നാലെ വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 90 ൽ വെച്ച് ത്രിപാഠിയെ കൊൽക്കത്തക്ക് നഷ്‌ടമായി. 26 പന്തിൽ 34 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ആണ് പുറത്താക്കിയത്.
തുടർന്ന് വെങ്കിടേഷ് അയ്യരും നിതീഷ് റാണയും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നാലെ മികച്ച ഫോമിൽ കളിക്കുകയായിരുന്ന വെങ്കിടേഷ് അയ്യർ പുറത്തായി. 49 പന്തിൽ 67 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ദീപക് ഹൂഡയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ ക്യാപ്‌റ്റൻ ഒയ്ന്‍ മോര്‍ഗനെ (2) നിലയുറപ്പിക്കും മുന്നേ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.