ദുബായ് : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ പഞ്ചാബ് നിക്കോളാസ് പുരാന് പകരം ക്രിസ് ജോർദാനെ ഉൾപ്പെടുത്തി.
പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം നിർണായകമല്ല. എന്നിരുന്നാലും വിജയത്തോടെ ഒന്നാം സ്ഥാനത്തേക്കെത്താനാകും ചെന്നൈയുടെ ശ്രമം. എന്നാൽ മറുവശത്തുള്ള പഞ്ചാബിന്‍റെ അവസ്ഥ തീർത്തും വിപരീതമാണ്.
പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള പഞ്ചാബിന് ഇന്ന് മികച്ച വിജയം നേടിയാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റാണ് ചെന്നൈയുടെ സമ്പാദ്യം. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റാണ് പഞ്ചാബ് നേടിയിട്ടുള്ളത്.
നാലാം സ്ഥാനത്തുള്ള കൊൽക്കത്തക്കും അഞ്ചാം സ്ഥാനത്തുള്ള മുംബൈക്കും 12 പോയിന്‍റ് വീതം ഉണ്ട്. ഇരു ടീമുകൾക്കും ഓരോ മത്സരം കൂടി അവശേഷിക്കുന്നുമുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ മികച്ച വിജയം നേടുകയും ഇനിയുള്ള മത്സരങ്ങളിൽ കൊൽക്കത്തയും മുംബൈയും തോൽക്കുക കൂടി ചെയ്‌താലേ പഞ്ചാബിന് പ്ലേ ഓഫിൽ കടക്കാൻ കഴിയൂ.
സീസണിലുടനീളം മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും അവസാനത്തെ രണ്ട് മത്സരങ്ങൾ തോറ്റ ക്ഷീണത്തിലാണ് ചെന്നൈ കളിക്കാനെത്തുന്നത്. മികച്ച സ്കോർ സ്വന്തമാക്കിയ മത്സരത്തിൽ രാജസ്ഥാനോടും ചെറിയ സ്കോറിൽ പഞ്ചാബിനോടും ടീം തോൽവി വഴങ്ങി. എന്നിരുന്നാലും മികച്ച ഫോമിലാണ് ചെന്നൈ താരങ്ങൾ കളിക്കുന്നത്. നായകൻ ധോണിയും, റൈനയും മാത്രമാണ് ടീമിൽ ഫോം ഔട്ടിലുള്ള താരങ്ങൾ.
ഓപ്പണർമാർക്ക് തിളങ്ങാനായില്ലെങ്കിൽ വീഴുന്ന ടീമാണ് പഞ്ചാബ്. രാഹുലിലും, മാർക്രമിലും മാത്രമാണ് ടീമിന്‍റെ പ്രതീക്ഷ. ദീപക് ഹൂഡയും നിക്കോളാസ് പുരാനും നിരാശാജനകമായ പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിര മോശമല്ലാത്ത പ്രകടനം കാഴ്‌ചവയ്ക്കുന്നുണ്ട്. ഇരുവരും 24 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15-ലും ജയിച്ചത് ചെന്നൈയായിരുന്നു. ഒമ്പത് എണ്ണത്തില്‍ മാത്രമാണ് പഞ്ചാബിന് ജയം നേടാനായത്.
പ്ലേയിങ് ഇലവൻ
ചെന്നൈ സൂപ്പര്‍ കിങ്‌സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍),സാം കറൻ, ശാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹാർ, ജോഷ് ഹേസല്‍വുഡ്
പഞ്ചാബ് കിങ്‌സ് : കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്‌ഡന്‍ മര്‍ക്രാം, ക്രിസ് ജോർദാൻ, സര്‍ഫറാസ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, ഷാരൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.