ദുബായ് : റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 166 റണ്‍സ് വിജയലക്ഷ്യം. ക്യാപ്‌റ്റൻ വിരാട് കോലിയുടേയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും അർധസെഞ്ചുറി മികവിലാണ് ടീം മികച്ച സ്കോർ പടുത്തുയർത്തിയത്.
അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളർമാരാണ് കൂറ്റൻ സ്കോറിലേക്ക് പോയ ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാഗ്ലൂരിന് രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ നഷ്‌ടമായി.
ജസ്പ്രീത് ബുംറ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ താരത്തെ ഡികോക്കിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ ശ്രീകര്‍ ഭരത് കോലിക്ക് മികച്ച പിന്തുണ നൽകി മുന്നേറി.
24 പന്തിൽ രണ്ട് സിക്‌സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 32 റണ്‍സെടുത്ത താരത്തെ മടക്കിയയച്ച് രാഹുൽ ചഹാറാണ് കൂട്ടുകെട്ട് തകർത്തത്. തുടർന്നിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്യാപ്റ്റനൊപ്പം ചേർന്ന് കൂറ്റൻ ഷോട്ടുകളുമായി ടീം സ്കോർ ഉയർത്തി.
സ്കോർ 126 ൽ നിൽക്കെ കോലിയെ പുറത്താക്കി ആഡം മില്‍നെ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തിൽ മൂന്ന് സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെ 51 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നെ മാക്സ് വെല്ലിന്‍റെ ഒറ്റയാൾ പോരാട്ടത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
എന്നാൽ ടീം സ്കോർ 161 ല്‍ എത്തിനില്‍ക്കെ ബുംറ താരത്തെ പുറത്താക്കി. 37 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പടെ 56 റണ്‍സ് നേടിയ താരം ബോൾട്ടിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
പിന്നെ കളി മുംബൈയുടെ കൈകളിലായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ 11 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെയും ബുംറ പുറത്താക്കി. അവസാന ഓവറിൽ ഷഹ്‌ബാസ് അഹമ്മദിനെ ബോൾട്ട് പുറത്താക്കി.
ALSO READ :IPL 2021 : കൊൽക്കത്തക്കും പിടിച്ചുകെട്ടാനായില്ല, അവസാന പന്തിൽ ചെന്നൈക്ക് ത്രസിപ്പിക്കുന്ന വിജയം
അവസാന രണ്ട് ഓവറിൽ മുംബൈ ബൗളർമാർ വെറും ഒൻപത് റണ്‍സ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുംബൈക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആഡം മില്‍നെ, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.