ഷാർജ : ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അവസാന ശ്രമമെന്നോണം പൊരുതാൻ രാജസ്ഥാൻ റോയൽസും ഇന്നിറങ്ങുന്നു. 12 പോയിന്‍റുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത.10 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ.
പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഉറപ്പിച്ചതിനാൽ നാലാം സ്ഥാനത്തിനായാണ് ടീമുകൾ മത്സരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കിയാൽ 14 പോയിന്‍റുമായി കൊൽക്കത്തക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കും. തൊട്ട് താഴെയുള്ള മുംബൈയെക്കാൾ റണ്‍റേറ്റ് വളരെ കൂടുതലായതിനാൽ ഇന്നത്തെ വിജയം മാത്രം മതിയാകും കൊൽക്കത്തക്ക് ആദ്യ നാലിൽ കടക്കാൻ.
അതേസമയം രാജസ്ഥാന്‍റെ കാര്യങ്ങൾ പരുങ്ങലിലാണ്. 10 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള ടീമിന് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേ ഓഫിൽ കടക്കാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ 125 റണ്‍സിന്‍റെ കൂറ്റൻ മാർജിനിൽ കൊൽക്കത്തയെ തോൽപ്പിച്ച് മുംബൈ ഹൈദരാബാദിനോട് കൂറ്റൻ മാർജിനിൽ തോൽക്കണം. കൂടാതെ പഞ്ചാബ് ചെന്നൈയോടും തോൽക്കണം. എങ്കിൽ മാത്രമേ രാജസ്ഥാന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.