അബുദാബി : രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ (101) സെഞ്ച്വറി മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തിൽ 189 എന്ന കൂറ്റൻ സ്കോറിലേക്ക് ചെന്നൈ എത്തിച്ചേർന്നത്.
ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഗെയ്‌ക്‌വാദും അവസാന ഓവറിൽ തകർത്തടിച്ച ജഡേജയുമാണ് ടീം സ്കോർ കുത്തനെ ഉയർത്തിയത്. സെഞ്ച്വറി നേട്ടത്തിലൂടെ ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പും ഗെയ്‌ക്‌വാദ് സ്വന്തമാക്കി. കൊൽക്കത്തക്കായി രാഹുൽ തെവാത്തിയ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ചേതൻ സക്കറിയ ഒരു വിക്കറ്റ് വീഴ്‌ത്തി.
പതിവുപോലെത്തന്നെ മികച്ച കൂട്ടുകെട്ടാണ് ചെന്നൈയുടെ ഓപ്പണർമാർ പടുത്തുയർത്തിയത്. മോശം പന്തുകളെ കൃത്യമായി കണ്ടെത്തി പ്രഹരിച്ചായിരുന്നു ഓപ്പണർമാർ മുന്നേറിയത്. ടീം സ്കോർ 47ൽ നിൽക്കെയാണ് ഡൂപ്ലസിസിനെ ചെന്നൈക്ക് നഷ്ടമാകുന്നത്. 25 റണ്‍സെടുത്ത താരത്തെ സഞ്‌ജു സാംസണ്‍ സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.
പിന്നാലെയിറങ്ങിയ സുരേഷ് റെയ്‌ന നിലയുറപ്പിക്കും മുന്നേ തന്നെ മടങ്ങി. മൂന്ന് റണ്‍സെടുത്ത താരത്തെ രാഹുല്‍ തെവാത്തിയയാണ് പുറത്താക്കിയത്. തുടർന്നിറങ്ങിയ മൊയിൻ അലിയും ഗെയ്‌ക്‌വാദിന് മികച്ച പിന്തുണ നൽകി മുന്നേറി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. സ്കോർ 114ൽ നിൽക്കെ 21 റണ്‍സെടുത്ത അലിയെ രാഹുൽ തെവാത്തിയയുടെ പന്തിൽ സഞ്ജു സാംസണ്‍ പുറത്താക്കി. പിന്നാലെ അമ്പാട്ടി റായ്‌ഡുവും രണ്ട് റണ്‍സെടുത്ത് പുറത്തായി.
16 ഓവറിൽ 134 റണ്‍സ് എന്ന നിലയിൽ നിന്ന ചെന്നൈയുടെ സ്കോർ ജഡേജയുടെ വരവോടെ കുത്തനെ ഉയർന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജഡേജ സ്കോറിന്‍റെ വേഗം കൂട്ടി. ഒരുവേള സെഞ്ച്വറിയുടെ വക്കിലെത്തിയ ഗെയ്‌ക്‌വാദിന് അവസരം നൽകാത്ത രീതിയിലായിരുന്നു ജഡേജ അടിച്ചുതകർത്തത്. 15 പന്തിൽ 4 ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 32 റണ്‍സുമായി താരം പുറത്താകാതെ നിന്നു.
ALSO READ :IPL 2021 : കഷ്‌ടിച്ച് വിജയിച്ച് ഡൽഹി ; മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി
95 റണ്‍സിൽ നിൽക്കുകയായിരുന്ന ഗെയ്‌ക്‌വാദിന് അവസാന ഓവറിൽ അവസാനത്തെ രണ്ട് പന്തുകളാണ് സ്ട്രൈക്ക് ലഭിച്ചത്. അഞ്ചാമത്തെ പന്ത് ബൗണ്‍സർ ഡോട്ട് ആയപ്പോൾ താരത്തിന് സെഞ്ച്വറി നേടാൻ കഴിയുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ അവസാന പന്തിൽ മനോഹരമായ സിക്‌സറിലൂടെ ഋതുരാജ് ഗെയ്‌ക്‌വാദ് നൂറ് തികയ്ക്കുകയായിരുന്നു.