ഷാർജ :കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സണ്‍റൈസേഴ് ഹൈദരാബാദിന് ബാറ്റിങ് തകർച്ച. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 7 വിക്കറ്റ് നഷ്‌ടത്തിൽ 134 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 44 റണ്‍സ് നേടിയ ഓപ്പണർ വൃദ്ധിമാൻ സാഹയാണ് വൻ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താൻ ആയതിനാലാണ് ഹൈദരാബാദിനെ ചെറിയ സ്കോറിൽ തളയ്‌ക്കാൻ ചെന്നൈക്കായത്. മൂന്നാം ഓവറിൽ തന്നെ ജേസണ്‍ റോയുടെ വിക്കറ്റ് വീഴ്‌ത്തി ജോഷ് ഹേസൽ വുഡാണ് ഹൈദരാബാദിനെ ആദ്യം ഞെട്ടിച്ചത്.
പിന്നാലെ ആറാം ഓവറിൽ 11 റണ്‍സെടുത്ത ക്യാപ്‌റ്റൻ കെയ്ന്‍ വില്ല്യംസണെ ബ്രാവോ എൽബിയിൽ കുരുക്കി. പിന്നാലെ പ്രിയം ഗാര്‍ഗിനേയും ബ്രാവോ മടക്കി അയച്ചു. 7 റണ്‍സെടുത്ത താരം ധോണിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ALSO READ :ഇന്ത്യയുടെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കർ ; ഹോക്കി താരം രൂപീന്ദർ പാൽ സിങ് വിരമിച്ചു
ടീം സ്കോർ 74ൽ വെച്ച് വൃദ്ധിമാൻ സാഹയെ ജഡേജ ധോണിയുടെ കൈകളിലെത്തിച്ചു. തുടർന്ന് ക്രീസിലൊന്നിച്ച അഭിഷേക് ശർമയും അബ്‌ദുൾ സമദും സ്കോർ മെല്ലെ ഉയർത്തി. 16-ാം ഓവറിലാണ് ടീം 100 റണ്‍സ് പിന്നിട്ടത്.
പിന്നാലെ മികച്ച രീതിയിൽ കളിച്ചുതുടങ്ങിയ അഭിഷേക് ശർമയെ ഹേസൽവുഡ് പുറത്താക്കി. 18 റണ്‍സെടുത്ത താരത്തെ ഡുപ്ലസിസ് പിടികൂടുകയായിരുന്നു. ആ ഓവറിൽ തന്നെ അബ്‌ദുൾ സമദും പുറത്തായി. 18 റണ്‍സെടുത്ത താരം മൊയീൻ അലിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പിന്നാലെ 5 റണ്‍സെടുത്ത ജേസൻ ഹോൽഡറിനെ ശാർദുൽ താക്കൂർ പുറത്താക്കി. ഹോർഡറിന് ക്രീസിലെത്തിയ റാഷിദ് ഖാൻ അവസാന ഓവറുകളിൽ വമ്പൻ അടികൾ നടത്തിയെങ്കിലും ടീം സ്കോർ കാര്യമായി ഉയർത്താൻ സാധിച്ചില്ല.
ഹൈദരാബാദ് നിരയിൽ റാഷിദ് ഖാൻ 17 റണ്‍സുമായും ഭുവനേശ്വർ കുമാർ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.ചെന്നൈക്കായി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബ്രാവോ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശാര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.