ദുബൈ :ഐപിഎൽ രണ്ടാം പാദത്തിൽ പ്ലേ ഓഫിലേക്ക് കടക്കാൻ പണിപ്പെടുന്ന പഞ്ചാബിന് തിരിച്ചടിയായി യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്‌ൽ ടീമിൽ നിന്ന് പിൻമാറി. മാസങ്ങളായി തുടരുന്ന ബയോബബിൾ ജീവിതത്തിൽ ഉണ്ടായ മാനസിക സമ്മർദത്തെത്തുടർന്നാണ് താരം പിൻമാറ്റം അറിയിച്ചത്. അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പിന് മുൻപായി മാനസികോൻമേഷം വീണ്ടെടുക്കുന്നതിനായാണ് ഇപ്പോഴുള്ള ഈ പിൻമാറ്റം.
കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്ന താരം അവിടുത്തെ ബയോ ബബിളിൽ നിന്നാണ് ദുബൈലേക്ക് എത്തിയത്. എന്നാൽ രണ്ടാം പാദ മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഗെയിലിന് അവസരം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കാനും താരത്തിന് സാധിച്ചില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് 15 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
'ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനായി കളിക്കേണ്ടതിനാൽ ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബയോ ബബിളിലാണ് എന്‍റെ ജീവിതം. ഈ സാഹചര്യത്തിലാണ് ബയോ ബബിളിൽ നിന്ന് മാറി നിന്ന് മാനസികോൻമേഷം വീണ്ടെടുക്കാൻ തീരുമാനിച്ചത്. എന്‍റെ ഈ ആവശ്യത്തിനോട് അനുകൂലമായി പ്രതികരിച്ച ടീം മാനേജ്‌മെന്‍റിന് നന്ദി അറിയിക്കുന്നു', ഗെയ്‌ൽ പറഞ്ഞു.
ALSO READ :സിക്‌സടിച്ച് വിജയം, പിന്നാലെ ഒരു പിടി റെക്കോഡുകൾ ; അപൂർവ നേട്ടങ്ങൾ സ്വന്തമാക്കി 'തല ധോണി'
അതേസമയം 42 കാരനായ താരം ഇനിയൊരു സീസണിൽ കൂടി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ 10 മല്‍സരങ്ങളിലാണ് ഗെയ്ല്‍ കളിച്ചിട്ടുള്ളത്. 21.44 ശരാശരിയില്‍ 125.32 സ്‌ട്രൈക്ക് റേറ്റോടെ 193 റണ്‍സാണ് സമ്പാദ്യം. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി തന്നെയായിരുന്നു ഗെയ്ല്‍ ഇറങ്ങിയത്. അന്ന് ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 288 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തിരുന്നു.