ഷാർജ : ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റമൊന്നുമില്ലാതെ ബാംഗ്ലൂർ ഇന്നിറങ്ങുമ്പോൾ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് മത്സരിക്കുന്നത്.
പരിക്കേറ്റ ഫാബിയന്‍ അലന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. ദീപക് ഹൂഡ, നഥാന്‍ എല്ലിസ് എന്നിവരും പുറത്തായി. സര്‍ഫറാസ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാര്‍.
പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂർ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങുമ്പോൾ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് ആദ്യ നാലിൽ കടക്കാൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.
11 മത്സരത്തിൽ നിന്ന് 14 പോയിന്‍റുള്ള ബാംഗ്ലൂരിന് ഇന്നത്തെ മത്സരം വിജയിച്ചാൽ 16 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും. മറുവശത്ത് 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള പഞ്ചാബിന് നാലാം സ്ഥാനത്ത് എത്തണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ തകർത്ത ആത്മവിശ്വാസവുമായി ബാംഗ്ലൂരും കൊൽക്കത്തക്കെതിരെ മിന്നും വിജയം നേടിയ ആത്മവിശ്വാസത്തോടെ പഞ്ചാബും കളത്തിലിറങ്ങുമ്പോൾ ഇന്നത്തെ മത്സരം തീപാറും.