മുംബൈ: മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് കരിയറില്‍ മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിച്ച മഹാനഗരമാണ് മുംബൈ. ഏകദിന ലോകകപ്പ് ഉള്‍പ്പെടെ ധോണിക്ക് വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിച്ച സ്റ്റേഡിയമാണ് വാംഖഡെ. ഏകദിന ലോകകപ്പ് സ്വന്തമാക്കിയതും 2007ലെ ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം മുംബൈയിലെ മറീന ബീച്ചിലൂടെ ബസില്‍ നടത്തിയ യാത്രയും ധോണിക്ക് ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ്.
തല '200 നോട്ട് ഔട്ട്'; വേദിയായത് പ്രിയപ്പെട്ട മുംബൈ
2011ല്‍ ഏകദിന ലോകകപ്പ് നേടിയതും 2007ലെ ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം മറീന ബീച്ചില്‍ ബസില്‍ നടത്തിയ യാത്രയും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ പ്രിയപ്പെട്ട ഓര്‍മകളാണ്.
ആ ഓര്‍മകള്‍ക്കൊപ്പം ഒന്നുകൂടി ഇന്ന് മുംബൈയില്‍ അരങ്ങേറി. തലക്ക് ആത്മബന്ധമുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി 200മത്തെ മത്സരം കളിക്കാനിറങ്ങിയത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി നിലവില്‍ ചെന്നൈക്ക് വേണ്ടി മാത്രമാണ് കളിക്കുന്നത്.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ തുടക്കത്തിലെ മേല്‍ക്കൈ നേടിക്കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ദീപക് ചാഹറിന്‍റെ മീഡിയം പേസിന് മുന്നില്‍ പഞ്ചാബിന്‍റെ മുന്‍നിര തകര്‍ന്നു.