ചെന്നൈ: മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് പോരാട്ടത്തിനൊരുങ്ങി ചെപ്പോക്ക്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തില്‍ രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുമ്പോള്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയാണ് പഞ്ചാബ് എത്തുന്നത്.
ജയം തേടി ചാമ്പ്യന്‍മാര്‍
മധ്യനിര ഫോമിലേക്ക് ഉയരാത്തതാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പാണ്ഡ്യ സഹോദരന്‍മാര്‍ക്കും കീറോണ്‍ പൊള്ളാര്‍ഡിനും രണ്ടക്ക സ്‌കോര്‍ കണ്ടെത്താനായില്ല. ഹര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായാണ് പവലിയനിലേക്ക് മടങ്ങിയത്. ജസ്‌പ്രീത് ബുമ്രയും ഡ്രെന്‍ഡ് ബോള്‍ട്ടും ഉള്‍പ്പെടുന്ന പേസ് ആക്രമണമാണ് മുംബൈയുടെ ബൗളങ് ഡിപ്പാര്‍ട്ടുമെന്‍റിലെ ശക്തി. എന്നാല്‍ ഓള്‍ റൗണ്ടര്‍മാരില്‍ നിന്നും ശക്തമായ പിന്തുണ ഇത്തവണ ലഭിക്കാത്തത് ഇരുവരുടെയും പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ഫോമിലേക്ക് എത്താത്തതാണ് മുംബൈക്ക് തിരിച്ചടിയാകുന്നത്.
സീസണില്‍ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ ഫോമിലേക്ക് എത്താന്‍ ബോള്‍ട്ടിനായിട്ടില്ല. അതേസമയം ബൗളിങ്ങില്‍ രാഹുല്‍ ചാഹര്‍ അവസരത്തിനൊത്ത് ഉയരുന്നത് നായകന്‍ രോഹിത് ശര്‍മക്ക് ആശ്വാസമാകുന്നുണ്ട്. രണ്ട് ഇടങ്കയ്യന്‍ ബാറ്റ്‌സ്‌മാന്‍മാരുമായി ഇറങ്ങുന്ന പഞ്ചാബിനെതിരെ ചെപ്പോക്കില്‍ സ്‌പിന്നറായി ജയന്ത് യാദവിനെ മുംബൈ നിലനിര്‍ത്തിയേക്കും. സീസണില്‍ മൂന്നാമത്തെ ജയം ലക്ഷ്യമിട്ടാണ് മുംബൈ ചെപ്പോക്കില്‍ പഞ്ചാബിനെ എതിരിടുന്നത്.