ചെന്നൈ: ഐപിഎല്ലിൽ ആവേശം വിതറാൻ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും ഇന്ന് നേർക്കുനേർ പോരാടുന്നു. ടോസ് നേടിയ പഞ്ചാബ് കരുത്തരായ മുംബൈയെ ബാറ്റിംഗിനയച്ചു. മുരുകൻ അശ്വിന് പകരം രവി ബിഷ്നോയിയെ പഞ്ചാബ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുംബൈ ടീമിൽ മാറ്റങ്ങൾ ഇല്ല. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മൽസരം.
കഴിഞ്ഞ മൽസരങ്ങളിലെ തോൽവിയിൽ നിന്ന് കരകേറാനുറച്ച് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുമ്പോൾ ചെന്നൈ തീപാറുന്ന മൽസരത്തിനാകും സാക്ഷ്യം വഹിക്കുക. ഇക്കുറി ഇരു ടീമുകളുടേയും പ്രകടനം ശരാശരിയിലും താഴെയാണ്. നാല് കളിയിൽ നിന്ന് രണ്ട് വീതം വിജയവും തോൽവിയുമായി നാലാം സ്ഥാനത്താണ് മുംബൈ. നാല് കളിയിൽ നിന്ന് ഒരു വിജയവും മൂന്ന് തോൽവിയും ഉൾപ്പെടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാന് തൊട്ട് മുകളിലായി ഏഴാം സ്ഥാനത്താണ് പഞ്ചാബ്.