മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 189 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി രാജസ്ഥാന്‍ റോയല്‍സ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചെങ്കിലും ചെന്നൈയുടെ റണ്ണൊഴുക്ക് തടയാന്‍ സഞ്ജുവിനും കൂട്ടര്‍ക്കുമായില്ല. ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് ചെന്നൈ ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 33 റണ്‍സെടുത്ത ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍.
ചെന്നൈ പൊരുതി ; രാജസ്ഥാന് ജയിക്കാന്‍ 189 റണ്‍സ് - സി എസ് കെ സ്‌ക്വാഡ് ഇന്ന്
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ റണ്ണൊഴുക്ക് തടയാന്‍ രാജസ്ഥാന് സാധിച്ചില്ല
ഓപ്പണറായി ഇറങ്ങിയ റിതുരാജ് ഗെയ്‌ക്ക്‌വാദ് 10 റണ്‍സെടുത്തും ഫാഫ് ഡുപ്ലെസി 33 റണ്‍സെടുത്തും പവലിയനിലേക്ക് മടങ്ങി. 17 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 33 റണ്‍സാണ് ഡുപ്ലെസി അടിച്ചുകൂട്ടിയത്. വണ്‍ ഡൗണായി ഇറങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി 26 റണ്‍സെടുത്തും അമ്പാട്ടി റായിഡു 27 റണ്‍സെടുത്തും കൂടാരം കയറി. 17 പന്തില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെയാണ് അമ്പാട്ടിയുടെ ബാറ്റില്‍ നിന്നും പിറന്നത്. പിന്നാലെ 15 പന്തില്‍ 18 റണ്‍സെടുത്ത സുരേഷ് റെയ്‌നയും കൂടാരം കയറി.
നായകന്‍ ധോണി 18 റണ്‍സെടുത്ത് പുറത്തായി. 17 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെയാണിത്. പിന്നാലെ ആറ് പന്തില്‍ 13 റണ്‍സെടുത്ത് സാം കറനും പുറത്തായി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ചേതന്‍ സക്കറിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുസ്‌തിഫിക്കുര്‍ റഹ്‌മാന്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോന്ന് വീതം സ്വന്തമാക്കി.