ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നേരിടും. ഉദ്‌ഘാടന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം അങ്കത്തില്‍ കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചിരുന്നു. അതേസമയം കൊല്‍ക്കത്തയോടും ബാംഗ്ലൂരിനോടും തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഹൈദരാബാദ് നിലവിലെ ചാമ്പ്യന്‍മാരെ നേരിടാന്‍ എത്തുന്നത്. ലീഗില്‍ ഹൈദരാബാദ് ഒഴികെയുള്ള ടീമുകളെല്ലാം ഇതിനകം ഓരോ ജയം വീതം സ്വന്തമാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ ഹൈദരാബാദിന് ഇത് അഭിമാന പോരാട്ടമാണ്.
ഇതിന് മുമ്പ് മൂന്ന് സീസണുകളില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോറ്റുതുടങ്ങിയ ടീമാണ് ഹൈദരാബാദ്. 2014ലും, 2016ലും 2020ലുമാണ് ഹൈദരബാദ് സമാന രീതിയില്‍ തോറ്റ് തുടങ്ങിയത്. ഇതില്‍ 2016 സീസണില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ടീം കിരീടം സ്വന്തമാക്കി. ചെപ്പോക്കില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ് തകര്‍ച്ചയാണ് ഹൈദരാബാദിന് വിനയായത്. ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്നും ഹൈദരാബിന് വേണ്ടി കളിക്കുന്ന കാര്യം സംശയമാണ്. പരിക്ക് കാരണമാണ് വില്യംസണ്‍ വിട്ടുനില്‍ക്കുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങി പരാജയപ്പെട്ട വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ജോണി ബെയര്‍സ്റ്റോയ്ക്ക് ഇത്തവണ ഹൈദരാബാദ് അവസരം നല്‍കിയേക്കും. കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ മധ്യനിരയില്‍ ബെയര്‍സ്റ്റോയും മനീഷ് പാണ്ഡെയും മാത്രമാണ് തിളങ്ങിയത്. ഇരുവരും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു പരിചയസമ്പത്ത് ഉള്‍പ്പെടെ പരിഗണിച്ച് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഓപ്പണറാക്കാനാകും നായകന്‍ വാര്‍ണറുടെ തീരുമാനം. ബാറ്റിങ്ങിന് കരുത്ത് പകരാന്‍ ടീമിന്‍റെ ഭാഗമാകാന്‍ എത്തുന്ന ഇംഗ്ലീഷ് താരം ജേസണ്‍ റോയ് ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. മിച്ചല്‍ മാര്‍ഷലിന് പകരമാണ് ജേസണ്‍ റോയ് ഹൈദരാബാദിന്‍റെ ഭാഗമാകുന്നത്.