അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) 16-ാം സീസണില്‍ കളിക്കളം പല അപൂര്‍വ നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും നേര്‍ക്കുനേരെത്തിയപ്പോള്‍ പിറന്നതും ഇത്തരത്തിലൊരു റെക്കോഡാണ്. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ പരസ്‌പരം ഏറ്റുമുട്ടുന്ന ടീമുകളെ സഹോദരങ്ങള്‍ നയിക്കുന്ന ആദ്യ മത്സരമാണിത്.
ഹാര്‍ദിക് പാണ്ഡ്യയും ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യയുമാണ് ഐപിഎല്‍ ചരിത്രത്തില്‍ പുതിയൊരു ഏട് ചേര്‍ത്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍, അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങിയപ്പോള്‍ ക്രുണാലിന്‍റെ നേതൃത്വത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കളിക്കുന്നത്. കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നായക സ്ഥാനം ക്രുണാലിന് ലഭിക്കുന്നത്.
ടൂര്‍ണമെന്‍റില്‍ നേരത്തെ എതിരാളികളായി സഹോദരങ്ങൾ മുഖാമുഖം വന്നിട്ടുണ്ടെങ്കിലും ക്യാപ്റ്റന്മാരെന്ന നിലയിൽ ഇതാദ്യ സംഭവമാണ്. തങ്ങളെ സംബന്ധിച്ച് ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ക്രുണാല്‍ പാണ്ഡ്യ മത്സരത്തിന്‍റെ ടോസിനിടെ പറഞ്ഞത്. ഏറെ വികാരഭരിതമായ ദിവസമാണിതെന്നായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികരണം.
ഐപിഎല്ലില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കാര്യം സംഭവിക്കുന്നത്. ഞങ്ങളുടെ പിതാവ് അഭിമാനിക്കുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിന് ഏറെ അഭിമാനകരമായ നിമിഷമാണിത്. ഒരു പാണ്ഡ്യ ഇന്ന് തീർച്ചയായും വിജയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
സീസണില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിനായി ഇതിസാഹ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റം നടത്തിയപ്പോഴും ഇത്തരത്തില്‍ മറ്റൊരു അപൂര്‍വ റെക്കോഡ് പിറന്നിരുന്നു. ഐപിഎല്‍ മതിയാക്കും വരെ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തിലായിരുന്നു സച്ചിന്‍ കളിച്ചത്.