അഹമ്മദാബാദ് :ഐപിഎല്‍ പതിനാറാം പതിപ്പില്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്രശംസയുമായി നിരവധി പ്രമുഖര്‍ രംഗത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗൗതം ഗംഭീര്‍, ടോം മൂഡി ഉള്‍പ്പടെ നിരവധി പേരാണ് ചെന്നൈയുടെ അഞ്ചാം കിരീട നേട്ടത്തില്‍ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് എംഎസ് ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന്‍റെ ആദ്യ ഓവറില്‍ തന്നെ രസംകൊല്ലിയായി മഴയെത്തി. ഇതോടെ മണിക്കൂറുകള്‍ തടസപ്പെട്ട മത്സരം പിന്നീട് 15 ഓവറുകളാക്കി വെട്ടിച്ചുരുക്കിയാണ് പുനരാരംഭിച്ചത്.
ഇതോടെ 171 റണ്‍സായി ചെന്നൈയുടെ വിജയലക്ഷ്യം. ഇത് പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്‌ക്കായി റിതുരാജ് ഗെയ്‌ക്‌വാദും (26) ഡെവോണ്‍ കോണ്‍വെയും (47) തകര്‍പ്പന്‍ അടികളുമായാണ് ഇന്നിങ്‌സ് തുടങ്ങിയത്. പിന്നാലെ എത്തിയ ശിവം ദുബെയും (32) അജിങ്ക്യ രഹാനെയും അതേ താളത്തില്‍ തന്നെ റണ്‍സടിച്ചു.
ഐപിഎല്‍ കരിയറിലെ അവസാന മത്സരം കളിക്കാനറങ്ങിയ അമ്പാട്ടി റായുഡുവും (8 പന്തില്‍ 19) വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ധോണി നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറില്‍ ശിവം ദുബെയെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ ചെന്നൈയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഈ ജയത്തില്‍ ചെന്നൈയുടെ ബാറ്റിങ് യൂണിറ്റിനെ ചൂണ്ടിക്കാട്ടിയായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രശംസ.
'ഇരു ടീമുകളും ശക്തമായി തന്നെ ഐപിഎല്‍ ഫൈനലില്‍ പോരാടി. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ബാറ്റിങ് ഡെപ്‌താണ് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത്. സീസണിന്‍റെ തുടക്കം മുതലുള്ള പ്രകടനങ്ങള്‍ നേക്കി ഫൈനലില്‍ ഒരു വിജയിയെ പ്രവചിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല' - സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഐപിഎല്‍ പോലൊരു ടൂര്‍ണമെന്‍റില്‍ അഞ്ച് കിരീടം നേടുക എന്നത് അവിശ്വസനീയം ആണെന്നായിരുന്നു ഗൗതം ഗംഭീറിന്‍റെ പ്രതികരണം. 'ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഭിനന്ദനങ്ങള്‍, ഒരു കിരീടം നേടുക എന്നത് തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സാഹചര്യത്തില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കുക എന്നത് അവിശ്വസനീയമാണ്' - ഗംഭീര്‍ ട്വീറ്റ് ചെയ്‌തു.
പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനും പഴയതാരങ്ങളെ കൂടുതല്‍ മികവുറ്റവരാക്കാനും ചെന്നൈ നായകന്‍ ധോണിക്ക് സാധിച്ചുവെന്നാണ് ടോം മൂഡിയുടെ അഭിപ്രായം. ഫൈനല്‍ മത്സരത്തിന് ശേഷം ക്രിക്ഇന്‍ഫോയിലൂടെയായിരുന്നു മൂഡിയുടെ പ്രതികരണം. ഇതിന്‍റെ ഫലമാണ് ഇക്കുറി ചെന്നൈയുടെ ഫൈനല്‍ വിജയമെന്നും മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ കൂടിയായ മൂഡി അഭിപ്രായപ്പെട്ടു.
Also Read :IPL 2023 | എംഎസ് ധോണി 'ദി മാസ്റ്റര്‍ ബ്രെയിന്‍' ; തന്ത്രങ്ങള്‍ മെനഞ്ഞ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചാം കിരീടത്തിലെത്തിച്ച 'തല'
ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകളിലൊന്നായും ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറി. 2010, 2011, 2018, 2021 വര്‍ഷങ്ങളിലാണ് ചെന്നൈ നേരത്തെ ഐപിഎല്‍ കിരീടം നേടിയത്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ കിരീടനേട്ടം.