മുംബൈ : അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ടീമിൽ അർജുൻ ടെണ്ടുൽക്കറിന് അവസരം നൽകാത്തതിൽ വിമർശനവുമായി ആരാധകർ. കഴിഞ്ഞ രണ്ട് വർഷമായി മുംബൈ സ്ക്വാഡിന്‍റെ ഭാഗമായിരുന്നിട്ടും അർജുന് ലീഗിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാനായിട്ടില്ല. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മായങ്ക് മാർക്കണ്ഡെയും സഞ്ജയ് യാദവും പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചതോടെയാണ് അർജുന്‍റെ അരങ്ങേറ്റം പ്രതീക്ഷിച്ച ആരാധകര്‍ നിരാശയിലായത്.
അദ്ദേഹം വെറും ഗ്ലോറിഫൈഡ് നെറ്റ് ബൗളിംഗ് ഓപ്ഷൻ മാത്രമാണോ ? എന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. അർജുൻ ടെണ്ടുൽക്കർ മാത്രമാണ് അവരുടെ എല്ലാ മത്സരങ്ങളും കാണാൻ വേണ്ടി മാത്രം പണം വാങ്ങിയ ഒരേയൊരു 'ആരാധകൻ' എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ താരത്തെ സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കറുടെ മകൻ ഇതിനകം ആഭ്യന്തര തലത്തിൽ മുംബൈയെ പ്രതിനിധീകരിക്കുകയും ടീമിനായി മാന്യമായി പ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ട്.
12 മത്സരങ്ങളിൽ ഒമ്പതും തോറ്റ മുംബൈ ഇതിനകം ടൂർണമെന്‍റിൽ നിന്ന് പുറത്തായിട്ടുണ്ട്. സീസണിലുടനീളം നിരവധി താരങ്ങൾക്ക് അവസരം നൽകിയ മുംബൈയ്‌ക്ക് പരീക്ഷണാടിസ്ഥാനത്തിൽ യുവ പേസർക്കും അവസരം നൽകാവുന്നതാണ്.
ഭാവിയിലേക്കാണ് തങ്ങൾ നോക്കുന്നതെന്നും അതിനാൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നുണ്ടെന്നും ടോസിന് പിന്നാലെ മുംബൈ ക്യാപ്റ്റൻ രോഹിത് പറഞ്ഞു. കൂടാതെ, അവസാന ലീഗ് മത്സരത്തിൽ കുറച്ച് കളിക്കാർക്ക് കൂടി അവസരം ലഭിക്കുമെന്നും അദ്ദേഹം സൂചന നൽകി. ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈയുടെ അവസാന മത്സരത്തിലെങ്കിലും അർജുൻ ടെണ്ടുൽക്കറിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.