ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആതിഥേയരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്‌ത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 144 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 137 റണ്‍സ് നേടാനെ സാധിച്ചുള്ളു. സീസണില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ ജയമായിരുന്നു ഇത്.
ഈ ജയത്തോടെ രണ്ട് ടീമിനും നാല് പേയിന്‍റായി. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ഒമ്പതാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരായി തുടരുകയാണ്.
ഹൈദരാബാദിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. 2009ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പം ആയിരുന്നു വാര്‍ണര്‍ ഐപിഎല്‍ കരിയറിന്‍റെ യാത്ര ആരംഭിച്ചത്. അഞ്ച് വര്‍ഷത്തിനിപ്പുറം 2014ലെ താരലേലത്തില്‍ വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
തൊട്ടടുത്ത വര്‍ഷം വാര്‍ണറെ ടീമിന്‍റെ നായകനാക്കി. ഡേവിഡ് വാര്‍ണറുടെ കീഴിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ഏക ഐപിഎല്‍ കിരീടം നേടിയത്. ഡേവിഡ് വാര്‍ണര്‍ അന്ന് ബാറ്റ് കൊണ്ട് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചപ്പോള്‍ ബൗളിങ്ങില്‍ ആ ചുമതല നിറവേറ്റിയത് ഭുവനേശ്വര്‍ കുമാറാണ്.
വാര്‍ണര്‍ 17 കളിയില്‍ നിന്നും 848 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഭുവി അത്രയും മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റ് സ്വന്തമാക്കി. ഇരുവരുടെയും പ്രകടനമായിരുന്നു ഹൈദരാബാദിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്. തുടര്‍ന്ന് 2021 വരെ സണ്‍റൈസേഴ്‌സിനായി കളിച്ച വാര്‍ണറെ ടീം 2022 ലെ താരലേലത്തിന് മുന്നോടിയായി ഒഴിവാക്കി.