ലണ്ടന്‍: ഐപിഎല്ലില്‍ ധോണിക്ക് ശേഷം ചെന്നെെ സൂപ്പര്‍ കിങ്സിനെ ആരു നയിക്കുമെന്ന് ചിന്തിക്കാത്ത ആരാധകര്‍ കുറവായിരിക്കും. വരുന്ന സീസണിലും ധോണി തന്നെയാവും ടീമിന്‍റെ നായകനെന്ന് സിഇഒ കാശി വിശ്വനാഥന്‍ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത ചോദ്യം ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്. ഇപ്പോഴിതാ തന്‍റെ ആഗ്രഹം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.
ധോണിക്ക് ശേഷം ടീമിനെ നയിക്കേണ്ടത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണെന്നാണ് മൈക്കല്‍ വോണ്‍ ആഭിപ്രായപ്പെടുന്നത്. മത്സര പരിചയവും ഓൾറൗണ്ടർ എന്ന നിലയിലെ മികവും ജഡേജയ്ക്ക് അനുകൂലമായ കാര്യങ്ങളാണെന്നാണ് വോണ്‍ പറയുന്നത്.
"രണ്ട്-മൂന്ന് വർഷങ്ങൾ കൂടി ധോണി കളിക്കുമെന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷെ അതിൽ കൂടുതലുണ്ടാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ആർക്ക് ചുറ്റുമാണ് ടീം ഒരുക്കിയെടുക്കേണ്ടത് എന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ടീമൊരുക്കുന്നത് ജഡേജയ്‌ക്കൊപ്പമായിരിക്കും. അദ്ദേഹം ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും അത്ര മികച്ചതാണെന്ന് ഞാൻ കരുതുന്നു", വോണ്‍ പറഞ്ഞു.
ബിസിസിഐ ജഡേജയെ എ-പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെയും മൈക്കല്‍ വോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിക്ക് പുറകെ ജഡേജയും ഉയര്‍ന്ന കാറ്റഗറിക്ക് അര്‍ഹനാണെന്നായിരുന്നു മൈക്കല്‍ വോണ്‍ പറഞ്ഞത്. ജസ്പ്രീത് ബുംറ, വിരാട് കോലി, രോഹിത് ശർമ്മ എന്നിവരെയാണ് ബിസിസിഐ എ-പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് താഴെ എ കാറ്റഗറിയിലാണ് ജഡേജയുള്ളത്.