ഹൈദരാബാദ്:ഐപിഎല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളാണ് വിരാട് കോലിയും ക്രിസ് ഗെയിലും. ഐപിഎല്‍ കരിയറില്‍ ആറ് സെഞ്ച്വറികളാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡിനൊപ്പം കഴിഞ്ഞ ദിവസമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലി എത്തിയത്.
രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു കോലി തന്‍റെ ഐപിഎല്‍ കരിയറിലെ ആറാം സെഞ്ച്വറി നേടിയത്. 63 പന്ത് നേരിട്ട വിരാട് കോലി 100 റണ്‍സായിരുന്നു നേടിയത്. കോലിയുടെ സെഞ്ച്വറിക്കരുത്തില്‍ ആ മത്സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത ബാംഗ്ലൂര്‍ ഐപിഎല്‍ പതിനാറാം പതിപ്പിലെ പ്ലേഓഫ് പ്രതീക്ഷകളും സജീവമാക്കിയിരുന്നു.
ഐപിഎല്ലിലെ ആറാം സെഞ്ച്വറിയടിച്ച് റെക്കോഡ് പട്ടികയില്‍ മുന്നിലേക്ക് എത്തിയതിന് പിന്നാലെ വിരാട് കോലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍. തന്‍റെ റെക്കോഡിനൊപ്പം വിരാട് എത്തിയതിന് പിന്നാലെ ആദ്യമായാണ് ഗെയില്‍ പ്രതികരണം നടത്തുന്നത്. റെക്കോഡ് പട്ടികയുടെ മുകളില്‍ താന്‍ ഒറ്റയ്‌ക്ക് ബോറടിച്ചിരിക്കുകയായിരുന്നുവെന്നും തനിക്ക് അവിടെ കമ്പനി വേണമെന്നുമുള്ള തരത്തില്‍ രസകരമായ രീതിയില്‍ ജിയോ സിനിമാസിലൂടെയായിരുന്നു ഗെയില്‍ കോലിയെ പ്രശംസിച്ചത്.
Also Read :IPL 2023 | 'ക്ലാസന്‍റെ മാസ്, കോലിയുടെ സൂപ്പർ ക്ലാസ്'; ഒരു കളിയില്‍ രണ്ട് സെഞ്ച്വറി, ഇത് ഐപിഎല്‍ ചരിത്രത്തിലാദ്യം
'സെഞ്ച്വറി മേക്കേഴ്‌സ് ക്ലബ്ബിലേക്ക് സ്വാഗതം. ഞാന്‍ ഇവിടെ ബോറടിച്ചിരിക്കുകയായിരുന്നു. വിരസതയും ഏകാന്തതയും നിറഞ്ഞതായിരുന്നു ഇവിടം.
ആരെങ്കിലും മുകളിലേക്ക് എത്തിയാല്‍ മതിയെന്ന ചിന്തയിലായിരുന്നു ഞാന്‍. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. വരൂ വിരാട്, നമുക്ക് ഇവിടെ സംസാരിച്ചിരിക്കാം', ജിയോ സിനിമാസിലൂടെ ക്രിസ് ഗെയില്‍ പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കവെയാണ് ക്രിസ് ഗെയില്‍ ഐപിഎല്ലിലെ അഞ്ച് സെഞ്ച്വറികളും നേടിയത്. 2009ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരം 2011ലായിരുന്നു ബാംഗ്ലൂരിലേക്കെത്തിയത്. 2017 വരെ ആര്‍സിബിയില്‍ കളിച്ച താരത്തെ തൊട്ടടുത്ത വര്‍ഷം പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 2019ല്‍ പഞ്ചാബിന് വേണ്ടി ഒരു സെഞ്ച്വറിയും ഗെയില്‍ നേടിയിട്ടുണ്ട്.
142 മത്സരം കളിച്ച ഗെയില്‍ 4965 റണ്‍സ് നേടി 2021ലാണ് ഐപിഎല്ലില്‍ നിന്നും വിരമിച്ചത്. ആര്‍സിബിക്കായി കളിക്കവെ 2012ല്‍ 175 റണ്‍സ് അടിച്ച് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഗെയില്‍ സ്വന്തമാക്കി. ഐപിഎല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയിട്ടുള്ള താരവും ക്രിസ് ഗെയില്‍ ആണ്.
അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവസാന മത്സരത്തില്‍ വീഴ്‌ത്തിയ വിരാട് കോലിയുടെ ആര്‍സിബി സീസണിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഈ മത്സരത്തില്‍ ജയം പിടിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫില്‍ കടക്കാനാകൂ.
Also Read :IPL 2023| 'യൂണിവേഴ്‌സല്‍ ബോസിനൊപ്പം ഇനി കിങ് കോലിയും'; സെഞ്ച്വറിയോടെ തകര്‍പ്പന്‍ റെക്കോഡ് പട്ടികയില്‍ മുന്നിലെത്തി വിരാട് കോലി